കണ്ണൂര്‍ തോട്ടട ഐടിഐയില്‍ എസ്എഫ്ഐ – കെഎസ്‌യു സംഘര്‍ഷം. കെ.എസ്.യു ക്യാംപസില്‍ സ്ഥാപിച്ച പതാക എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. വിദ്യാര്‍ഥിസംഘര്‍ഷം അതിരുവിട്ട സാഹചര്യത്തില്‍, ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടയടി നടന്നതോടെ പൊലീസ് ലാത്തിവീശി.
കെ.എസ്.യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനമേറ്റു. ഇരുവിഭാഗങ്ങളില്‍ നിന്നും അഞ്ചോളം വിദ്യാര്‍ഥികള്‍ പരുക്കുകളേറ്റ് ആശുപത്രിയിലായി. പതാക അഴിച്ചുമാറ്റിയതില്‍ പരാതി നല്‍കാന്‍ കെഎസ്‌യു നേതാക്കള്‍ പ്രിന്‍സിപ്പലിനെ കാണാനെത്തിയത് എസ്എഫ്ഐക്കാര്‍ തടഞ്ഞതോടെ തുറന്ന സംഘര്‍ഷമായി. Also Read: ഭിന്നശേഷിക്കാരന് ഇടിമുറി മര്‍ദനം; എസ്.എഫ്.ഐക്കാരെ പിടികൂടാതെ പൊലീസ്
കെ.എസ്.യുക്കാര്‍ സംഘര്‍ഷം മുന്‍കൂട്ടി കണ്ട്, മാധ്യമങ്ങളെ വിവരം അറിയിച്ച് എത്തിയതാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. പ്രിന്‍സിപ്പലിന് പരാതി നല്‍കാനായി എത്തിയാല്‍ തല്ലുന്നത് എന്തിനെന്ന് കെ.എസ്.യു ജില്ലാ അധ്യക്ഷന്‍ എം.സി.അതുല്‍ ചോദിച്ചു.