തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി. എല്‍.ഡി.എഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് ബിജെപിയും വിജയിച്ചു. ഏഴു സീറ്റുകള്‍ യു.ഡി.എഫും നാല് സീറ്റുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് പതിനൊന്ന് മാസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ഉപതിരഞ്ഞടെപ്പുകളിലാണ് ഇടത് കോട്ടകളില്‍ ഉള്‍പ്പെടേ യു.ഡി.എഫിന്‍റെ മുന്നേറ്റം. എല്‍.ഡി.എഫ് ഭരിക്കുന്ന ഇടുക്കിയിലെ കരിമണ്ണൂര്‍, തൃശൂര്‍ നാട്ടിക, പാലക്കാട് തച്ചമ്പാറ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. ആലപ്പുഴ പത്തിയൂരിലെ 12–ാം വാര്ഡും കൊല്ലം തേവലക്കര പഞ്ചായത്ത് പാലക്കൽ വടക്ക് വാർഡും പത്തനംതിട്ട ജില്ലയിലെ നിരണം ഏഴാം വാർഡും യുഡിഎഫ് എല്ഡിഎഫില് നിന്ന് പിടിച്ചെടുത്തു. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷൻ സി.പി.എമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാർഡ് സി പി എമ്മിൽ നിന്നു 519 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്ലിം ലീഗ് പിടിച്ചെടുത്തു. അതേസമയം കൊല്ലം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ബിജെപിയിൽ നിന്ന് LDF പിടിച്ചെടുത്തു. കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്ഡ് കോണ്ഗ്രസില്നിന്ന് കേരള കോണ്ഗ്രസ് എമ്മും കൊല്ലം പടിഞ്ഞാറേ കല്ലടയില് എട്ടാം വാര്‍ഡ് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫും പിടിച്ചെടുത്തു. തേവലക്കര കോയിവിള സൗത്തും യുഡിഎഫിന് നഷ്ടമായി. പത്തനംതിട്ട എഴുമറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു.