വയനാട് മാനന്തവാടിയിൽ വിദേശ യുവതിയുടെ മൃതദേഹം ഒരാഴ്ചയോളം ആംബുലൻസിൽ സൂക്ഷിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. മൃതദേഹം ആംബുലൻസിൽ സൂക്ഷിച്ച വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. മനോരമ ന്യൂസ് ഇംപാക്ട്.
കഴിഞ്ഞ മാസം 20 നാണ് കാമറൂൺ സ്വദേശി മോഗൺ കാപ്റ്റു പാൽ വെളിച്ചത്തെ റിസോർട്ടിൽ വെച്ച് മരണപ്പെട്ടത്. പിന്നാലെ യുവതിയുടെ മൃതദേഹം ആംബുലൻസ് ഡ്രൈവർ തന്റെ ഷെഡിനോട് ചേർന്ന് ആംബുലൻസിൽ സൂക്ഷിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത മനോരമ ന്യൂസ് പുറത്തു വിട്ടതിനു പിന്നാലെയാണ് മനുഷ്യവകാശ കമ്മീഷന്റെ ഇടപെടൽ
കേസിൽ ഒരാഴ്ച്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ അംഗം കെ.ബൈജുനാഥ് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. യുവതിയുടെ മരണം സ്ഥിരീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയത് ചട്ട വിരുദ്ധമായി ആയുർവേദ ഡോക്ടറാണെന്നും തിയതി രേഖപ്പെടുത്താത്ത എൻ.ഒ.സിയാണ് തിരുനെല്ലി പൊലീസ് നൽകിയതെന്നും മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. വിഷയത്തിലും സമഗ്രമായി അന്വേഷിക്കാൻ കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തൊട്ടടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയും ഫ്രീസറും ഉണ്ടായിട്ടും മൃതദേഹം ഷെഡിലേക്ക് മാറ്റിയത് എന്തിനൊന്നും അന്വേഷിക്കണം. മാനന്തവാടി എ.എസ്.പി തിരുനെല്ലി എസ്.ഐയോട് റിപ്പോർട്ട് തേടിയിരുന്നെങ്കിലും മെല്ലെപോക്കായിരുന്നു ഫലം. മനോരമ ന്യൂസ് വാർത്തക്കു പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ കൂടി ഇടപെട്ടതോടെ ദുരൂഹതകൾ നീങ്ങുമെന്നും നടപടിയുണ്ടാകുമെന്നുമാണ് പ്രതീക്ഷ..