സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. സമാധാനം പുനസ്ഥാപിക്കുന്നതിനായി കൊടിമരങ്ങളും പതാകകളും നീക്കാനും തീരുമാനിച്ചു. അതേസമയം, സംഘര്‍ഷങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അമല്‍ ബാബുവിനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ എസിപി രത്നകുമാറിന്‍റെ അധ്യക്ഷതയിലാണ് സര്‍വകക്ഷിയോഗം ചേര്‍ന്നത്. മൂന്ന് വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകണമെന്ന് യോഗത്തില്‍ ധാരണായായി. സംഘര്‍ഷം ഒഴിവാക്കാന്‍ കൊടിമരങ്ങളോ പതാകകളോ വേണ്ട. യൂണിയന്‍ തിരഞ്ഞെടുപ്പ് ഐടിഐ ഡയറക്ടറുടെ തീരുമാനം പ്രകാരം നടത്താനും യോഗത്തില്‍ ധാരണയായി. എസ്എഫ്ഐ, കെഎസ്‌യു, എബിവിപി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും, സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതാക്കളും ഐടിഐ പ്രിന്‍സിപ്പലും പങ്കെടുത്തു.
പാനൂര്‍ സ്വദേശി അമല്‍ ബാബുവിനെയാണ് സംഘര്‍ഷത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടട പോളി ടെക്നിക്കിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാണ് അമല്‍. പൊലീസ് എടുത്ത ആദ്യ കേസിലെ പതിനൊന്നാം പ്രതിയാണ് . സംഘര്‍ഷമുണ്ടാക്കുകയും പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടത്. ഈ കേസില്‍ അമലിനെ കൂടാതെ പതിനൊന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരും പ്രതികളാണ്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ട മറ്റു രണ്ടു കേസുകളിലെ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല.