karimba-accident

TOPICS COVERED

കരിമ്പന പനയാംപാടത്തെ ലോറി അപകടത്തില്‍ മരണമടഞ്ഞ കുഞ്ഞുങ്ങളുടെ മൃതദേഹം വീടുകളിലെത്തിച്ചു. കൂട്ടുകാരുമൊത്ത് സ്കൂളിലേക്ക് പോയ വഴികളിലൂടെ തന്നെയാണ് നാലുപേരുടെയും ചേതനയറ്റ മൃതശരീരങ്ങള്‍ ആംബുലന്‍സില്‍ എത്തിച്ചത്. വീടുകളില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം എട്ടരയ്ക്ക് കരിമ്പനയ്ക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. ഇവിടെ കൂട്ടുകാര്‍ അവസാനമായി നാലുപേരെയും കാണും. പത്തു മണിയോടെ തുപ്പനാട് ജുമമസ്ജിദിലാണ് കബറടക്കം. 

Also Read: ഒപ്പനകളിലെ സ്ഥിരം മണവാട്ടി; ആയിഷയുടെ വിയോഗത്തില്‍ കണ്ണീരോടെ നിത്യ ടീച്ചർ

വേദനയുണ്ടാക്കുന്ന സാഹചര്യത്തിലൂടെയാണ് നാടൊന്നാകെ കടന്നു പോകുന്നത്. അടുത്തടുത്ത വീടുകളിലെ കുട്ടികളാണ് നാലുപേരും. 200 മീറ്റര്‍ ചുറ്റളവിലാണ് നാലുപേരുടെയും വീടുകള്‍. ആയിഷയുടെ വീടിന് ശേഷമാണ് റിദയുടെയും ഇര്‍ഫാനയുടെയും വീടുകള്‍. കുറച്ചു ദിവസം മുന്‍പ് നടന്ന ഒപ്പനയില്‍ മണവാട്ടിയായിരുന്ന ആയിഷ. ഈ രസമുള്ള ഓര്‍മകളില്‍ നിന്നാണ് വെള്ളതുണിയില്‍ കുഞ്ഞു ആയിഷ വീട്ടിലേക്ക് എത്തിയത്. 

Also Read: ‘ഇര്‍ഫാന....'; കണ്ണുനിറച്ച് അമ്മയുടെ നിലവിളി; അപകടം ഇര്‍ഫാനയുടെ അമ്മയുടെ മുന്നില്‍

കുഞ്ഞിന് വയ്യാത്തതിനാല്‍ ഡോക്ടറെ കാണാന്‍ മകളെ വിളിക്കാന്‍ സ്കൂളിന് മുന്നിലെത്തിയ ഉമ്മയ്ക്ക് മുന്നിലാണ് ഇര്‍ഫാന ലോറി അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍പ്പെട്ട ലോറിക്ക് മുന്നില്‍ നിന്നും ഇര്‍ഫാനയുടെ പേരെടുത്ത് വിളിച്ചുള്ള ഉമ്മയുടെ വിതുമ്പലും സങ്കട കാഴ്ചയായി. 

അപകടത്തില്‍ മരണപ്പെട്ട റിദാ ഫാത്തിമയ്ക്ക് സ്വന്തമായി വീടില്ല. വാടക ക്വാട്ടേഴ്സിലാണ് കുട്ടി താമസിക്കുന്നത്. ഇവിടെ മൃതദേഹം വെയ്ക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പൊതുപ്രവര്‍ത്തകന്‍ നാസറിന്‍റെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. 

ENGLISH SUMMARY:

Karimba Accident; Ridha Fathima's body kept at neighbour house for public viewing.