പനയംമ്പാടത്തെ അപകടത്തില്‍ റോഡിന്‍റെ അപാകത സമ്മതിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. റോഡ് നിര്‍മിച്ചതില്‍ പാളിച്ചയുണ്ടെന്നും പൊതുമരാമത്ത് വകുപ്പുമായിചേര്‍ന്ന് അടിയന്തര പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെറുവിരലനക്കിയില്ലെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. ഇന്ന് കേന്ദ്ര ഗതാഗത മന്ത്രിയെകണ്ട് എം.പി വീണ്ടും വിഷയം ഉന്നയിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പനയമ്പാടത്തെ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ക്ക് കാരണം റോഡ് നിര്‍മിച്ചതിലെ അപാകതയാണെന്ന് സംസ്ഥാന സര്‍ക്കാരും സമ്മതിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായും ജില്ലയിലെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി പ്രശ്നം ചര്‍ച്ചചെയ്യും. പ്രശ്നം ഗതാഗത വകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് ന്യായീകരിച്ച മന്ത്രി പൊതുമരാമത്ത് വകുപ്പാണ് പരിഹാരത്തിന് പ്രവര്‍ത്തിക്കേണ്ടിയിരുന്നതെന്ന് പഴിചാരി. ദേശിയപാത അതോറിറ്റി അശാസ്ത്രീയമായാണ് റോഡുകള്‍ രൂപകല്‍പന ചെയ്യുന്നതെന്നും മന്ത്രി.
ദേശീയ പാത അതോറിറ്റിയുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി കുറ്റപ്പെടുത്തി. 2022ൽ വിഷയം ലോക്സഭയിൽ ഉന്നയിച്ചു, ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് നടന്നത്, വളവ് നിവര്‍ത്തി അപകടാവസ്ഥ പരിഹരിച്ചില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വി.കെ. ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.