പാലക്കാട് പനയാം പാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് നാല് വിദ്യാർത്ഥികൾ മരിച്ച അപകടത്തില്‍ രണ്ട് ലോറി ഡ്രൈവര്‍മാരും റിമാന്‍ഡില്‍. വഴിക്കടവ് സ്വദേശി പ്രജീഷും കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദുമാണ് റിമാന്‍ഡിലായത്.
അതേസമയം, നാട്ടുകാരുടെ വലിയ പ്രതിഷേധത്തെ തുടർന്ന് പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം മന്ത്രി കെ കൃഷ്ണകുട്ടിയുടെ നേതൃത്വത്തിൽ വിളിച്ചെങ്കിലും ശാശ്വത പരിഹാരത്തിനായുള്ള തീരുമാനങ്ങൾ കൈ കൊണ്ടില്ല. ഇന്നലെ വൈകുന്നേരം നാട്ടുകാർക്ക് ജില്ല ഭരണകൂടം നൽകിയ ഉറപ്പാണ് എത്രയും വേഗം പനയാം പാടത്തെ അപകടകെണി ഒഴിവാക്കാൻ ശാശ്വത പരിഹാരമെന്ന ഉറപ്പ്. അതിനായി ഇന്ന് ജില്ല കലക്ടറുടെ ചേംബറിൽ നാട്ടുകാരെ ഉൾപ്പെടുത്തി ഉന്നതതല യോഗവും ചേർന്നു, പക്ഷേ പ്രതീക്ഷ നൽകുന്ന ഒന്നും ഉണ്ടായില്ല.
അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍ നാളെ ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നാണ് ഉറപ്പ്. എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നതിൽ ഉത്തരമില്ല. എന്നു പരിഹരിക്കുമെന്നതിൽ മന്ത്രിക്ക് തന്നെ വ്യക്തതയുമില്ല. വാഹന പരിശോധനയും സ്പീഡ് ബ്രേക്കർ സ്ഥാപിക്കലുമാണ് മന്ത്രി തന്നെ മുന്നോട്ട് വയ്ക്കുന്ന പ്രശ്ന പരിഹാര മാർഗങ്ങൾ. അതേസമയം റോഡിന്‍റെ അശാസ്ത്രീയത ഉടൻ പരിഹരിച്ചില്ലെങ്കിൽ സ്കൂൾ വിദ്യാർഥികളെ അടക്കം അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.