പാലക്കാട് കരിമ്പയില്‍ ലോറി ദേഹത്തേക്കുവീണ് മരിച്ച വിദ്യാര്‍ഥികള്‍ക്ക് വേദനയോടെ വിട നല്‍കുകയാണ് നാട്. നാലുപേരും പരീക്ഷ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, എ.എസ്.ആയിഷ, ഇര്‍ഫാന എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. എട്ടരയോടെ കരിമ്പനയ്ക്കല്‍ ഓഡിറ്റോറിയത്തില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം രാവിലെ പത്തുമണിക്ക് തുപ്പനാട് ജുമാ മസ്ജിദില്‍ നടക്കും. പതിവ് അപകടങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കലക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് നാട്ടുകാരുമായി ചര്‍ച്ച നടത്തും. സിമന്‍റുലോറിയില്‍ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷന്‍ ലോറിക്കെതിരെ കേസെടുത്തിട്ടുണ്ട്. Read More : ഒപ്പനകളിലെ സ്ഥിരം മണവാട്ടി; ആയിഷയുടെ വിയോഗത്തില്‍ കണ്ണീരോടെ നിത്യ ടീച്ചർ
പാലക്കാട്– കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്നാട്ടിൽനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന.പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥിനികൾ വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.