accident

TOPICS COVERED

കൊച്ചി എളമക്കരയിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ശുചീകരണത്തൊഴിലാളിക്ക് പരുക്കേറ്റ സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി കുടുംബം. പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് അപകടത്തിൽപെട്ട നിഷയുടെ ഭർത്താവ് ആരോപിച്ചു. ഡ്രൈവർ അശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ ശേഷം കടന്നുകളഞ്ഞെന്ന് നിഷയും പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോർത്ത് പോലീസ് കേസെടുത്ത വിവരം അയൽവാസിയിൽ നിന്നാണ് കുടുംബം അറിയുന്നത് 

 

ഇക്കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ ആയിരുന്നു അപകടം. എളമക്കര കലൂർ പുതിയ റോഡിൽ അമിത വേഗത്തിൽ എത്തിയ കാർ ശുചീകരണ തൊഴിലാളിയായ നിഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം ഡ്രൈവർ പുറത്തേക്ക് ഇറങ്ങി ഇവരുമായി സംസാരിച്ചെങ്കിലും വാഹനം എടുത്ത് മുങ്ങി. 

മാലിന്യം ശേഖരിക്കുന്ന വാഹനത്തിലാണ് പിന്നീട് നിഷ ആശുപത്രിയിലേക്ക് പോയത്. അപകടത്തിന് പിന്നാലെ എളമക്കര പോലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും കേസ് എടുക്കാൻ തയ്യാറായില്ലെന്ന് നിഷയുടെ ഭർത്താവ് മാരിയപ്പൻ  പറഞ്ഞു. ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കൊച്ചി നോർത്ത് പോലീസ് കേസ് എടുത്തെങ്കിലും നിഷയെയും കുടുംബത്തെയും അറിയിച്ചില്ലെന്നും ആരോപണം ഉണ്ട്.  സുഹൃത്തു വഴി അന്വഷിച്ചപ്പോഴാണ് പ്രതിയായ ഡ്രൈവറെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച വിവരം നിഷയും ഭർത്താവും അറിയുന്നത്. 

ENGLISH SUMMARY:

Elamakkara accident family complaint against police