TOPICS COVERED

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ തള്ളി മലബാറിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവന്‍. വ്യായാമ കൂട്ടായ്മ മാത്രമാണ് മെക് സെവനെന്നും എല്ലാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ഇതിലുണ്ടെന്നും കോഴിക്കോട് ചീഫ് കോര്‍ഡിനേറ്റര്‍ ടി.പി.എം. ഹാഷിറലി മനോരമ ന്യൂസിനോട് പറഞ്ഞു. മെക് സെവന് പിന്നില്‍ ജമാഅത്തെ ഇസ്‍ലാമിയും പോപ്പുലര്‍ ഫ്രണ്ടുമാണ് എന്നായിരുന്നു പി.മോഹനന്‍റ ആരോപണം.

മലപ്പുറത്തെ കൊണ്ടോട്ടി കേന്ദ്രീകരിച്ചാണ് മെക് സെവൻ വ്യായാമ കൂട്ടായ്മയുടെ തുടക്കം. ഇപ്പോൾ വിവിധ ജില്ലകളിലായി ആയിരത്തോളം  കൂട്ടായ്മകളുണ്ടെന്നാണ് സംഘാടകരുടെ അവകാശ വാദം. കഴിഞ്ഞയാഴ്ച  തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ  മെക് സെവന് എതിരെ രൂക്ഷമായ വിമർശനം ഉയർത്തിയതോടെയാണ് വിവാദത്തിന്‍റെ തുടക്കം.

എ.പി സുന്നി വിഭാഗം നേതാവ് പേരോട് അബ്ദു റഹ്മാൻ സഖാഫിയും മെക് സെവന്‍റെ പ്രവർത്തനങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. എന്നാൽ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് സംഘാടകർ വ്യക്തമാക്കി.

മെക് സെവനിൽ സിപിഎമ്മിന്‍റെ നേതാക്കൾ വരെയുണ്ടെന്നും മലപ്പുറത്ത് തുടങ്ങിയതുകൊണ്ട് ആവാം കൂടുതലും മുസ്ലിങ്ങൾ ആയതെന്നും സംഘാടകർ വിശദീകരിക്കുന്നു. ജനകീയത വ്യക്തമാക്കാൻ മന്ത്രി മുഹമ്മദ് റിയാസ് മെക് സെവന് അയച്ച അഭിനന്ദന കത്തും സംഘാടകർ പ്രചരിപ്പിക്കുന്നുണ്ട്.

ENGLISH SUMMARY:

Malabar-based morning exercise group Mec Seven has refuted the criticisms raised by CPM Kozhikode district secretary P. Mohanan. Kozhikode Chief Coordinator T.P.M. Hashirali told Manorama News that Mec Seven is purely an exercise collective, comprising members and local leaders from all political parties. Mohanan had alleged that Mec Seven was backed by Jamaat-e-Islami and the Popular Front, a claim the group has strongly denied.