സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതില്‍ ഡിജിപിക്ക് പരാതി നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചോദ്യപേപ്പര്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ചോദ്യപേപ്പര്‍ അച്ചടിക്കുന്നത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. ഗുരുതര പ്രശ്നമാണ് സംഭവിച്ചത്. കുറ്റവാളികളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. പത്താംക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണിലെ കണക്ക് ചോദ്യപ്പേപ്പറുകളാണ് യൂട്യൂബില്‍ പ്രചരിച്ചത്.
സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും ഇവരുടെ വിവരം സര്‍ക്കാര്‍ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു. ട്യൂഷന്‍ സെന്‍ററുകളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പരീക്ഷ മാറ്റിവയ്ക്കണോ എന്നതില്‍ വിദ്യാഭ്യാസ വകുപ്പ് തിങ്കളാഴ്ച തീരുമാനം കൈക്കൊള്ളും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേ ദിവസം യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. 2024 ഓണം, 2023 ക്രിസ്മസ് പരീക്ഷകളുടെയും 2024 പ്ലസ്ടു മോഡല്‍ ചോദ്യപ്പേപ്പറുകളും ചേര്‍ന്നിരുന്നു.