prathiba-son-ganja

TOPICS COVERED

തന്‍റെ മകന്‍റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത തെറ്റാണെന്നും സുഹൃത്തുക്കളുമായി ഇരുന്നപ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും യു പ്രതിഭ പറയുന്നു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും യു പ്രതിഭ പറഞ്ഞു. 

വാർത്ത വന്നതു മുതൽ നിരവധി ഫോൺ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വാഭാവികമായും ശത്രുക്കളുണ്ട്. മകനും സുഹൃത്തുക്കളും ചേർന്നിരിക്കുമ്പോൾ എക്സൈസുകാർ വന്ന് ചോദ്യം ചോദിച്ചു. ഇപ്പോൾ വാർത്തകൾ വരുന്നത് മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ്. ഒരാൾ എംഎൽഎ ആയതും പൊതുപ്രവർത്തകയായതു കൊണ്ടും ഇത്തരം വാർത്തകൾക്ക് മൈലേജ് കിട്ടും. വാർത്ത ശരിയാണെങ്കിൽ ഞാൻ നിങ്ങളോട് മാപ്പ് പറയാം. നേരെ തിരിച്ചാണേങ്കിൽ പരസ്യമായി മാധ്യമങ്ങൾ മാപ്പ് പറയണമെന്നും പ്രതിഭ എംഎൽഎ പറയുന്നു. ആരും തെറ്റായ വഴിയിൽ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകൻ പോവരുതെന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു.

എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെ ഒൻപത് യുവാക്കളെ തകഴിയിൽ നിന്നാണ് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ആളൊഴിഞ്ഞ ഭാഗത്ത് നിന്ന് കഞ്ചാവ് വലിക്കുമ്പോഴാണ് ഇവർ പിടിയിലായത്. യുവാക്കൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം മഫ്തിയിൽ എത്തിയത്. പരിശോധനയിൽ ഇവരിൽ നിന്ന് മൂന്നു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചട്ടം 27B വകുപ്പ് പ്രകാരമാണ് എംഎൽഎയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. പൊതു സ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചുവെന്നാണ് കേസ്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനവും ഇവരിൽ നിന്ന് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

ENGLISH SUMMARY:

Kaniv, the 21-year-old son of Kayamkulam MLA U Prathibha, for allegedly possessing cannabis. The group was apprehended under the Thakazhi bridge while consuming alcohol, during which authorities reportedly found 3 grams of cannabis in their possession