കോഴിക്കോട് ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ നാട്ടുകാരുടെ വന്‍ പ്രതിഷേധം. മണ്ണെടുക്കുന്ന വാഹനം തടഞ്ഞ പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റമുണ്ടായി. സമരക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. നിലത്തിട്ട് ചവിട്ടി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്കുമാറിനെ പൊലീസ് കൈയ്യേറ്റം ചെയ്തു. പൊലീസ് ബലപ്രയോഗത്തിനിടെ യുവതി ബോധരഹിതയായി. അകാരണമായാണ് പൊലീസ് ആക്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
ഇവിടെ നിന്നും അശാസ്ത്രീയമായ രീതിയിൽ മണ്ണെടുക്കുന്നതിനെതിരെ ജിയോളജിസ്റ്റ് കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ഇതു പ്രകാരം മണ്ണെടുപ്പ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇങ്ങനെ മണ്ണെടുത്തവർക്കെതിരെ കലക്ടറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി എടുത്തിട്ടില്ലെന്നു സമിതി ഭാരവാഹികൾ പറഞ്ഞു.
8 മാസത്തിലേറെയായി പ്രദേശത്ത് വൻതോതിൽ മണ്ണ് ഖനനം നടത്തിയിരുന്നു. കുന്നിന്റെ ശേഷിക്കുന്ന ഭാഗം ഏതു സമയത്തും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. മഴ പെയ്യുമ്പോൾ ഇളകിയ മണ്ണ് മുഴുവൻ ഒഴുകി റോഡിലും സമീപത്തെ വീടുകളിലും എത്തിച്ചേർന്നതിനാൽ വൻ ദുരിതമാണ് അനുഭവിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.