• പിരിവ് വാങ്ങിയത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക്
  • തെറ്റുതിരുത്തലിനെ അനുകൂലിച്ച യുവതിയുടെ ജോലി കളഞ്ഞും പ്രതികാരം
  • പാര്‍ട്ടി പിടിക്കാന്‍ നേതാക്കളുടെ ശ്രമമെന്നും ആക്ഷേപം

ഇടവേളയ്ക്ക് ശേഷം ആലപ്പുഴ സിപിഎമ്മില്‍ പ്രശ്നങ്ങള്‍ വീണ്ടും തലപൊക്കുന്നു. നിർധനനായ രോഗിയുടെ ഭാര്യയിൽ നിന്ന്, തിരഞ്ഞെടുപ്പ് ഫണ്ടായി നിർബന്ധപൂർവം 2000 രൂപ  ലോക്കൽ സെക്രട്ടറി വാങ്ങിയതായി പരാതി. തെറ്റു തിരുത്തൽ രേഖയെ അനുകൂലിച്ച് ലോക്കൽ കമ്മിറ്റിയിൽ സംസാരിച്ചതിന്,  25 വർഷം ഏരിയ സെക്രട്ടറിയായിരുന്ന നേതാവിന്റെ മകളെ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചു വിട്ടതായും ആക്ഷേപം. താഴേത്തട്ടിൽ സ്വാധീനമുറപ്പിക്കാൻ, സമ്മേളനത്തിന് മുൻപ് ബ്രാഞ്ചുകൾ പുനസംഘടിപ്പിച്ചതായി സംസ്ഥാന സെക്രട്ടറിക്ക് ആലപ്പുഴ നഗരത്തിലെ ഒരു വിഭാഗം പ്രവർത്തകർ പരാതി നൽകി. 

ആലപ്പുഴ കൊമ്മാടിയിലാണ് ലോക്കല്‍  സെക്രട്ടറി കാൻസർ രോഗിയുടെ ഭാര്യയിൽ നിന്ന് രണ്ടായിരം രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നിർബന്ധമായി വാങ്ങിയത്. കുട്ടനാട്ടിലെ ഒരു പൊലീസ് സ്റ്റേഷനിലെ സ്വീപ്പറാണ് ഇവർ. കുടുംബത്തിന്‍റെ ദയനീയ അവസ്ഥ കണ്ട് സിപിഎം നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടാണ് ഇവർക്ക് സ്വീപ്പറായി ജോലി നൽകിയത്. രോഗിയായ ഭർത്താവിനുള്ള മരുന്നു വാങ്ങാൻ പോലും സഹായം നൽകുന്നത് നാട്ടുകാരാണ്. രണ്ടു മക്കളെ പഠിപ്പിക്കുന്നതും ബുദ്ധിമുട്ടിയാണ്. ഫണ്ട് പിരിവിന്റെ കണക്ക് വന്നപ്പോഴാണ് നിർധന രോഗിയുടെ കുടുംബത്തിൽ നിന്ന് പണപ്പിരിവ് നടത്തിയ വിവരം പുറത്തുവന്നത്. 

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കളും സർക്കാരും തിരുത്തണമെന്ന് ലോക്കൽ കമ്മിറ്റിയിൽ ആവശ്യപ്പെട്ട വനിതയെ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലും പാർട്ടി പ്രവർത്തകർ പ്രതിഷേധമുയർത്തുന്നു. 25 വർഷം ആലപ്പുഴ ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന നേതാവിന്‍റെ മകളാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ട വനിത. സിപിഎം പ്രവർത്തകരായ മറ്റു നാലു പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കി. 

പാര്‍ട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ ബ്രാഞ്ചുകൾ പിടിച്ചെടുക്കാൻ പ്രവർത്തകരെ ഭൂരിപക്ഷമില്ലാത്തിടത്തേക്ക് വിന്യസിക്കുന്നതായും പരാതി ഉയരുന്നു. ആലപ്പുഴ ഏരിയയിലെ കൊമ്മാടി, ആശ്രമം ലോക്കൽ കമ്മിറ്റികളിലാണ് ഒരു വിഭാഗം നേതാക്കൾ നേരത്തെ തന്നെ പാർട്ടി പിടിക്കാനുള്ള ശ്രമം ഊർജിതമാക്കിയത്. ഇതിനെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രവർത്തകർ രേഖാമൂലം പരാതി നൽകി. 

ENGLISH SUMMARY:

CPM local secretary forcibly collected 2000 rupees as election fund from cancer patient's house in Alappuzha