അന്‍വറിന്റെ ആരോപണങ്ങള്‍ കൂരമ്പുപോലെ തറച്ചിട്ടും വിഷയത്തില്‍ ഒരുവാക്കുപറയാതെ മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും. കൊച്ചിയില്‍ നാലിടങ്ങളിലാണ് മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം ചോദിച്ചത്. എന്നാല്‍ ചിരിക്കപ്പുറം മറ്റൊരു പ്രതികരണവും നടത്തിയില്ല. കൊച്ചിയില്‍ മുഖ്യമന്ത്രി കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘടനം ചെയ്യുമ്പോഴായിരുന്നു പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം.
ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രിയോട് പ്രതികരണം ചോദിച്ചെങ്കിലും ശ്രദ്ധിക്കാതെ മടക്കം. തുടര്‍ന്ന് ആലുവയില്‍ ഒരു പരിപാടി. അവിടെയും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മിണ്ടിയില്ല. പ്രതികരണം തേടി മാധ്യമങ്ങള്‍ എത്തുമെന്നറിഞ്ഞു തന്നെ ആലുവ ഗസ്റ്റ് ഹൗസില്‍ കനത്ത പൊലീസ് കാവല്‍.
ഗസ്റ്റ് ഹൗസില്‍ നിന്ന് വിമാനത്താവളത്തിലെക്കായി ഇറങ്ങും വഴി ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പലതവണ ചോദിച്ചു. എന്നാല്‍ ചോദ്യങ്ങളെല്ലാം കാറിലിരുന്ന് കേട്ട്, ചെറുചിരിയുമായി പോയി. വിമാനത്താവളത്തിലും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമാവര്‍ത്തിച്ചു. ചിരിക്കൊപ്പം കൈ ഉയര്‍ത്തിക്കാട്ടി മറുപടിയില്ലാതെ അവിടുന്നും മുഖ്യമന്ത്രി പോയി.