തൃശൂര്‍ പൂരം കലക്കലില്‍ വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ . എ.ഡി.ജി.പി അ‍ജിത്കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി . റിപ്പോര്‍ട്ട് തള്ളണോ സ്വീകരിക്കണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കും . 

തുടരന്വേഷണം ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവിട്ടത് മനോരമ ന്യൂസ് . 

തൃശൂർ പൂരത്തിനു വർഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളിൽ ഇക്കുറി എ‍ഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടു മാറ്റങ്ങൾ വരുത്തിയിരുന്നു. പൂരസ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ ഇതു കാരണമായെന്നും മേൽനോട്ടച്ചുമതലയിൽ എഡിജിപിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്നാണ് ആരോപണം. കമ്മിഷണർ അങ്കിത് അശോകനെ പ്രതിസ്ഥാനത്തു നിർത്തിയാണ് അജിത്കുമാർ റിപ്പോർട്ട് സമർപ്പിച്ചത്. അങ്കിത്തിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്നങ്ങൾക്കു വഴിവച്ചതെന്നു സംസ്ഥാന പൊലീസ് മേധാവിക്കു കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ടിൽ അജിത്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. 

പൂരത്തിന് 3 ദിവസം മുൻപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചാണ് അജിത്കുമാർ മാറ്റങ്ങൾ നിർദേശിച്ചത്. കൂടുതൽ ബാരിക്കേഡുകളടക്കം നിരത്തിയത് സ്ഥലത്ത് അനാവശ്യ നിയന്ത്രണങ്ങൾക്കു വഴിവച്ചു. ‘മുകളിൽനിന്നുള്ള ഉത്തരവ്’ എന്ന പേരിലാണ് പൊലീസ് ഇവ നടപ്പാക്കിയത്. ഇതെച്ചൊല്ലി പൂരപ്രേമികളും പൊലീസും കൊമ്പുകോർത്തതു സ്ഥിതി വഷളാക്കി. പൂരദിവസം തൃശൂരിലുണ്ടായിരുന്ന അദ്ദേഹം പ്രശ്നം രൂക്ഷമായതോടെ 2 തവണ പൂരസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. പുലർച്ചെ മൂന്നരയോടെ മടങ്ങിയ അദ്ദേഹം ഫോൺ സ്വിച്ച് ഓഫ് ചെയ്തെന്നും ആക്ഷേപമുണ്ട്. 

പൂരദിവസം പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളിൽ താനും ഡിഐജിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അജിത്കുമാർ അന്വേഷണ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ലെന്നാണു സൂചന. മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ തൃശൂരിൽ താമസിച്ച് രാവിലെ തന്നെ അവിടേക്കു പോയി എന്നാണ് അദ്ദേഹം മുൻപ് ഡിജിപിയെ അറിയിച്ചിരുന്നത്. 

ENGLISH SUMMARY:

Thrissur pooram; ADGP's report rejected; Re-investigation is recommended