cpm-flex-anvar

മുഖ്യമന്ത്രിയെ ആക്ഷേപിച്ച് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് പി.വി അൻവര്‍. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പി.വി അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട. ഇത് പാർട്ടി വേറെയാണ്' എന്ന് ഫ്ലക്സില്‍. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. അൻവറിന്റെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ജില്ല സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു. അന്‍വറിനെ അനുകൂലിച്ച് മലപ്പുറം തുവ്വൂരില്‍ ഫ്ലക്സുയര്‍ന്നു. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ പേരിലാണ് ഫ്ലക്സ്. ALSO READ: അന്‍വര്‍ പുറത്തേക്ക്; ‘സഭയില്‍ നടുവില്‍ ഇരിക്കും; രാജിവയ്ക്കാന്‍ പിരാന്തില്ല’

അതേസമയം, പി.വി അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മറുപടിക്കായാണ് കേരളം കാതോര്‍ക്കുന്നത്.. അൻവറിന്റെ വാർത്താസമ്മേളന സമയത്ത് കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രി രാത്രി ഡൽഹിയിൽ എത്തി.  അൻവർ ഇനിയും പറഞ്ഞാൽ താനും മറുപടി പറയുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ അൻവർ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായി തന്നെ ഗുരുതരമായ ആക്ഷേപങ്ങൾ ഉന്നയിച്ചതിൽ, മുഖ്യമന്ത്രി തന്നെ മറുപടി പറയുമോ അതോ പാർട്ടി മറുപടി പറയുമോ എന്നതാണ് ഉറ്റു നോക്കുന്നത്. മുഖ്യമന്ത്രി ഇന്ന്  മറുപടി പറഞ്ഞില്ലെങ്കിലും  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അൻവറിന് ഇന്ന് മറുപടി നൽകും. പാർട്ടി ശത്രുക്കൾക്കൊപ്പം അൻവർ ചേർന്നു എന്ന നിലപാടായിരിക്കും സിപിഎം സ്വീകരിക്കുക. ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  എന്നിവർ ഡൽഹിയിലുള്ള  പി ബി അംഗങ്ങളുമായും സംസ്ഥാനത്തുള്ള പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളുമായും ആശയവിനിമയം നടത്തും. ALSO READ: 'പിവി അൻവർ കൈകോടാലി'; തിരഞ്ഞ് സിപിഎം നേതാക്കൾ; എഫ്ബിയിൽ ട്രെൻഡിങ്

ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അൻവറിനെ തള്ളി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കള്ളക്കടത്തുകാരുടെ മൊഴി ഉയര്‍ത്തിക്കാട്ടിയ അന്‍വറിന്‍റെ ഉദ്ദേശശുദ്ധിയില്‍ സംശയമെന്ന് എം.സ്വരാജ് പറഞ്ഞു. കള്ളക്കടത്ത് സംഘങ്ങള്‍ പറയുന്നതിനനുസരിച്ച് ഭരണം നിര്‍വഹിക്കാനാകില്ലെന്നും സ്വരാജ് പറഞ്ഞു. പി.വി.അന്‍വര്‍ എടുക്കുന്നത് സ്വര്‍ണക്കടത്തുകാരുടെ സെക്യൂരിറ്റി പണിയെന്ന് ‍‍‍ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രം നടത്തുന്നവരുടെ ആയുധമായി പി.വി.അന്‍വര്‍ സ്വയം മാറിയെന്നായിരുന്നു പി.ജയരാജന്റെ എഫ്.ബി പോസ്റ്റ്. ഇടത് വോട്ടുവാങ്ങി വിജയിച്ച പി.വി.അന്‍വര്‍ വോട്ടര്‍മാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് ചെയ്തതെന്നായിരുന്നു മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതിരോധം. ALSO READ: ‘റിയാസിനെ മാത്രം നിലനിര്‍ത്താനാണോ പാര്‍ട്ടി..?; വിധേയപ്പെട്ട് നില്‍ക്കാന്‍ സൗകര്യമില്ല’

സിപിഎം സ്വതന്ത്രനായി മൽസരിച്ച് ജയിച്ച പി.വി അൻവർ ഇടതുബന്ധം ഉപേക്ഷിച്ചതോടെ സമ്പൂർണ സ്വതന്ത്രനാവുകയാണ്. സിപിഎം സർക്കാരിനെ പ്രതിരോധത്തിലാക്കി വരുന്ന അൻവറിനെ കോൺഗ്രസോ മുസ്ലീം ലീഗോ സ്വീകരിക്കുമോ എന്ന ചർച്ചയും സജീവമാണ്.

ENGLISH SUMMARY:

After the press conference, CPM put up a flex board in front of PV Anwar's house. The flex was came up in the name of CPM Othayi branch. District Secretary EN Mohandas said that Anwar's statements should be dismissed with contempt. Meanwhile another flex appeared in Malappuram Tuvvur in favor of Anwar in the name of K Karuakaran Foundation.