മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐഎമ്മിനുമെതിരെ ഉയർത്തിയ ആരോപണങ്ങളിൽ പി.വി.അൻവറിനെതിരെ കോന്നി എം.എല്‍.എ കെ.യു.ജനീഷ്കുമാര്‍. ഫെയ്സ്ബുക്കിലാണ് ജനീഷ്കുമാറിന്റെ കുറിപ്പ്. സമൂഹമാധ്യമങ്ങളിലെ ചിലരുടെ കയ്യടിയും വലതുപക്ഷ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പിന്തുണയും ഉപയോഗിച്ച് സിപിഎമ്മിനെ വെല്ലുവിളിക്കാൻ ഇറങ്ങുമ്പോൾ, പാര്‍ട്ടിയുടെ ചരിത്രവും പ്രവർത്തകരെയും അണികളെയും മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്ന് എംഎല്‍എ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ നല്‍കിയ പിന്തുണ, താങ്കൾ അന്ന് ഉയർത്തിയ വിഷയങ്ങളിലെ പിന്തുണ മാത്രമായിരുന്നുവെന്ന് വരും ദിവസങ്ങൾ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മിസ്റ്റർ പി വി അൻവർ, നിങ്ങൾ ആഗ്രഹിക്കുന്നത് കുറ്റം ചെയ്തവരുടെ ശിക്ഷയോ.. നാടിൻറെ നന്മയോ അല്ലെന്ന് ഉറപ്പായി കഴിഞ്ഞു... ഇന്നത്തെ വാർത്ത സമ്മേളനം ശ്രദ്ധിക്കുന്ന എല്ലാവർക്കും മനസ്സിലാകും താങ്കളുടെ ലക്ഷ്യം, മറ്റൊന്നാണെന്ന് 

നവമാധ്യമങ്ങളിലെ ചിലയാളുകളുടെ കയ്യടിയും താങ്കളെ മുൻപ് കുറ്റപ്പെടുത്തിയ വലതുപക്ഷ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പിന്തുണയും ഉപയോഗിച്ച് താങ്കൾ ഈ പ്രസ്ഥാനത്തെ വെല്ലുവിളിക്കാൻ ഇറങ്ങുമ്പോൾ, സിപിഐഎം എന്ന പ്രസ്ഥാനത്തിൻറെ ചരിത്രവും പ്രവർത്തകരെയും അണികളെയും മനസ്സിലാക്കുന്നത് നന്നായിരിക്കും. കഴിഞ്ഞ കാലങ്ങളിൽ സോഷ്യൽ മീഡിയയിൽ താങ്കൾക്ക് കിട്ടിയ പിന്തുണ, ‘താങ്കൾ അന്ന് ഉയർത്തിയ വിഷയങ്ങളിലെ പിന്തുണ മാത്രമായിരുന്നു’ എന്ന് വരും ദിവസങ്ങൾ താങ്കൾക്ക് മനസ്സിലാകും.

പാര്‍ട്ടി അംഗം പോലും അല്ലാതിരുന്നിട്ടും പി.വി.അന്‍വറിന് സര്‍ക്കാരും സിപിഎമ്മും വലിയ പരിഗണനയാണ് നല്‍കിയെതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അന്‍വര്‍ ഉന്നയിച്ച എല്ലാ പരാതികളും പാര്‍ട്ടിയും സര്‍ക്കാരും അതീവ ഗൗരവത്തോടെ പരിഗണിച്ചു. ഇക്കാര്യത്തില്‍ അന്‍വറിന്റെ നിലപാടുകളല്ല, ഉന്നയിച്ച പ്രശ്നങ്ങളുടെ ഗൗരവമാണ് കണക്കിലെടുത്തത്. പരാതികളില്‍ അന്വേഷണം നടന്നുവരികയാണ്. തെറ്റായ നിലപാട് സ്വീകരിക്കുന്ന ഒരാളെയും വച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പാര്‍ട്ടിയേയും എല്‍ഡിഎഫിനേയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ആരോപണങ്ങള്‍ . ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. അത് നിഷ്പക്ഷമായി തുടരുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.