pv-anvar-is-free-now

സിപിഎം സ്വതന്ത്രനായി മൽസരിച്ച് ജയിച്ച പി.വി അൻവർ ഇടതുബന്ധം ഉപേക്ഷിച്ചതോടെ ശരിക്കും സ്വതന്ത്രനായി. എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കി വരുന്ന അൻവറിനെ കോൺഗ്രസോ മുസ്ലീം ലീഗോ സ്വീകരിക്കുമോ എന്നതാണ് മുഖ്യചർച്ച.

AICC അംഗമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകൻ പി.വി അൻവർ മമ്പാട് കോളജിൽ പഠിക്കുബോൾ കെ.എസ്‌.യു. വഴിയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി. ഐ ഗ്രൂപ്പിന്‍റെ ജില്ലയിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു.  കെ.കരുണാകരനൊപ്പം കോൺഗ്രസ് വിട്ട് ഡി ഐ സി യിൽ ചേർന്നു.  2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട്ടിൽ യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏറനാട് മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി മത്സരിച്ച അഷ്റഫ് കാളിയത്തിന് 2700 വോട്ടുകൾ മാത്രമാണ് അന്ന് ലഭിച്ചത്.  

Also Read: ‘എ‍‍‍ഡിജിപിയെ സംരക്ഷിക്കുന്നത് മറ്റൊരു മരുമകന്‍ ആയതിനാലാകാം’; അന്‍വര്‍ പറഞ്ഞത്

സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ രണ്ടാം സ്ഥാനത്ത് എത്തിയത് സിപിഎമ്മിന്‍റെ കൂടി സഹായത്തോടെയാണ്. അന്ന് പി വി അൻവറിനു വേണ്ടി സിപിഐയെ പാലം വലിച്ച സിപിഎമ്മിനാണ് ഇന്ന് തിരിച്ചടി നേരിടേണ്ടി വന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി വി അൻവറിന് 45000 വോട്ട് ലഭിച്ചിരുന്നു. വോട്ട് സമാഹരിക്കാനുള്ള പിവി അൻവറിന്‍റെ ശേഷി തിരിച്ചറിഞ്ഞാണ് നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാക്കിയത്.  20016 ആര്യാടൻ ഷൗക്കത്തിനെയും 2021ൽ വി.വി. പ്രകാശിനെയും പരാജയപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാം വട്ടവും നിലമ്പൂരിലെ അൻവറിന്റെ തേരോട്ടം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നേമുക്കാൽ വർഷം ശേഷിക്കെയാണ് പി.വി. അൻവർ ഇടതുമുന്നണി വിട്ട്  സ്വതന്ത്രനാവുന്നത്.  

പിവി അൻവറിനെ സ്വാഗതം ചെയ്ത മുസ്ലിം ലീഗ് നിലമ്പൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഇഖ്ബാൽ മുണ്ടേരിക്കെതിരെ ലീഗ് നേതൃത്വത്തിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അതായത് ലീഗ് പി.വി. അൻവറിനെ പാർട്ടിയിൽ എടുക്കാൻ സാധ്യത കുറവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോൺഗ്രസിന്‍റെ ജില്ലയിലെ പ്രധാന നേതാക്കളൊന്നും  അൻവറിനെ ഒപ്പം കൂട്ടാൻ  തയ്യാറല്ലെന്നാണ് സൂചന.  എന്നാൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് നിർണായകമാവും.  തൽക്കാലത്തേക്ക് എങ്കിലും സ്വതന്ത്ര വേഷത്തിൽ തുടരുന്ന പി വി അൻവർ മറ്റു സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പാർട്ടികളുടെ ഭാഗമാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ENGLISH SUMMARY:

Will Congress accept Anvar, or will the Muslim League take him in?