TOPICS COVERED

സംസ്ഥാനത്തെ പൊലീസ് സേനയില്‍ വലിയ വിഭാഗം ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടെന്നു പി.വി. അന്‍വര്‍ എംഎല്‍എ. പിടിച്ചെടുക്കുന്ന സ്വര്‍ണം പൊലീസ് കസ്റ്റംസിനെയാണ് ഏല്‍പ്പിക്കേണ്ടത്. സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണിയുടെ സ്വത്ത് ഇനിയെങ്കിലും അന്വേഷിക്കണം. ഞാന്‍ ഉണ്ണിക്ക് പിന്നാലെ നടന്നു, എന്നിട്ടും പൊലീസിനും സി.പി.എമ്മിനും അനക്കമില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നതല്ല നിയമം. ഫോണ്‍ ചോര്‍ത്തലും പറഞ്ഞ് എനിക്കെതിരെ കേസെടുത്തു, നമുക്ക് നോക്കാം. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍  37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു. എല്ലാം അദ്ദേഹം വായിച്ചുനോക്കി. 

Read also: പേര് നോക്കി വര്‍ഗീയവാദി ആക്കുന്നു; മറ്റു മതങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയത: അന്‍വര്‍

മുഖ്യമന്ത്രി പിണറായി തനിക്ക് സ്വന്തം ബാപ്പയെപ്പോലെ ആയിരുന്നു. വര്‍ഗീയതയ്ക്കെതിരെ അത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. മനുഷ്യനെ പേര് നോക്കി വര്‍ഗീയവാദി ആക്കുന്ന കാലമാണ്. താന്‍ അഞ്ചുനേരം നിസ്കരിക്കും എന്നു പറഞ്ഞതിലാണ് ഇപ്പോള്‍ ചര്‍ച്ച. മറ്റു മതങ്ങളെ എതിര്‍ക്കുന്നതാണ് വര്‍ഗീയത, മതത്തില്‍‌ വിശ്വസിക്കുന്നതല്ല. ബാങ്കിന്റെ കാര്യത്തിലെങ്കിലും ഒരു ഏകീകരണ സ്വഭാവം ഉണ്ടാകണമെന്നു മുസ്‌‌ലിം സംഘടനകളോട് എംഎല്‍എ ആവശ്യപ്പെട്ടു. പല പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നതിലാണ് അന്‍വറിന്റെ പ്രതികരണം. സര്‍ക്കാ‍ര്‍ പരിപാടികളിലെ പ്രാര്‍ഥനകള്‍ ഒഴിവാക്കണം. 

നിലമ്പൂര്‍ ചന്തക്കുന്നില്‍ തന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരിച്ച പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. 

ഇൻക്വിലാബ് സിന്ദാബാദ് വിളികളുമായി അൻവറിനെ യോഗസ്ഥലത്തേക്ക് പ്രവർത്തകർ വരവേറ്റു. സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ഇ.എ. സുകു പൊതുസമ്മേളനത്തിന് സ്വാഗതം ആശംസിച്ചു

യോഗം തുടങ്ങുന്നതിനു മണിക്കൂറുകൾ മുൻപു തന്നെ സമ്മേളന നഗരിയായ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ട് നിറഞ്ഞിരുന്നു. നിലമ്പൂർ ജനതപ്പടി മുതൽ വെളിയന്തോട് വരെ 4 കിലോമീറ്റർ ദൂരം റോഡ് പൊലീസ് നിയന്ത്രണത്തിലാണ്. ഗതാഗതം പല ഭാഗങ്ങളിലും തടസപ്പെട്ടു. സമ്മേളന നഗരിയിലും പരിസരങ്ങിലും നിരവധി പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Attempts being made to portray me as a radical Islamist: Anvar tells Nilambur crowd