ഇടതുബന്ധം ഉപേക്ഷിച്ച് സ്വതന്ത്രനായ പി.വി.അന്‍വര്‍ എംഎല്‍എയുടെ വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിട്ടത്. പി.വി.അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തിയ നൂറോളം സിപിഎമ്മുകാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. തന്റെ നിലപാടുകളും ലക്ഷ്യവും വ്യക്തമാക്കാന്‍ പി.വി. അന്‍വര്‍ വിളിച്ച പൊതുസമ്മേളനം ഇന്നു വൈകിട്ട് നിലമ്പൂരില്‍ നടക്കും. ജില്ലാ സെക്രട്ടറിക്ക് മറുപടി വൈകിട്ട്  രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നല്‍കുമെന്ന് പി.വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരിലെ പൊതുസമ്മേളനത്തില്‍ ഇരുന്നൂറ് പേരെ പ്രതീക്ഷിക്കുന്നതായി അന്‍വര്‍ പരിഹാസരൂപേണ പറഞ്ഞു.

പി.വി.അന്‍വറിന് സ്വതന്ത്രനായി എത്രകാലം മുന്നോട്ടു പോകാനാവുമെന്നാണ് ചോദ്യം.  അതിനിടെ പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നിയമസഭ മണ്ഡലമായി  കണക്കാക്കിയിരുന്ന നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ ആര്യാടന്‍റെ കോട്ട പിടിച്ചാണ് പി.വി. അന്‍വര്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും പ്രീയപ്പെട്ടവനായത്. ഇപ്പോള്‍ സിപിഎമ്മിനെ അന്‍വറും പി.വി. അന്‍വറിനെ സിപിഎമ്മും പരസ്പരം മൊഴി ചൊല്ലിയതോടെ അന്‍വര്‍ ശരിക്കും സ്വതന്ത്രനായി. ഈ മാസം 4ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തില്‍ ഇടത്തോട്ടും വലത്തോട്ടും ചായാതെ അന്‍വറിനിരിക്കാം.

ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ സ്വതന്ത്ര എംഎല്‍എയായി തുടരാനാകും. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പോകുബോള്‍ മുന്നണിയുടെ ഭാഗമല്ലാതെ തുടരാനാകുമോ എന്നാണ് ചോദ്യം. യുഡിഎഫിലെ പ്രധാനകക്ഷിയായ കോണ്‍ഗ്രസ് അന്‍വറിനെ എടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്‍വര്‍ കോണ്‍ഗ്രസില്‍ എത്തുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ പല അഭിപ്രായക്കാരുമുണ്ട്. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ലീഗിന്‍റെ നിലപാട് അനുകൂലമല്ല. അന്‍വറിന്‍റെ സഹോദരന്‍ പി.വി. അജ്മല്‍ നിലവില്‍ എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. എന്നാല്‍ എല്‍ഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുന്ന എന്‍സിപി അന്‍വറിനെ ഒപ്പം കൂട്ടുന്നത് സിപിഎമ്മും മുഖ്യമന്ത്രിയും അംഗീകരിക്കില്ല. തല്‍ക്കാലക്കാലത്തേക്ക് സ്വതന്ത്രനായി തുടര്‍ന്ന് മാസങ്ങള്‍കൊണ്ട് പതിയെ പതിയെ യു.ഡി.എഫുമായി അടുക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല.

ENGLISH SUMMARY:

Kerala Police to arrange security for PV Anvar house