മൂന്നു മുന്നണികളേയും വെല്ലുവിളിച്ച് ചേലക്കരയിൽ മൽസരിച്ച പി.വി. അൻവറിന്‍റെ സ്ഥാനാർഥി എൻ.കെ. സുധീറിന് ലഭിച്ചത് 3920 വോട്ട്. പാർട്ടി സ്വാധീനമില്ലാത്ത മണ്ഡലത്തിൽ ഇത്രയും വോട്ട് നേടാനായത് വലിയ മുന്നേറ്റമായന്ന് പി വി അൻവർ പറഞ്ഞു. ചേലക്കരയിൽ ഡിഎംകെ ഇരുപതിനായിരം വോട്ട് നേടും എന്നായിരുന്നു പി.വി. അൻവറിന്‍റെ അവകാശവാദം.

മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ഇടതുപാളയം വിട്ട പി വി അൻവർ എംഎൽഎ യുഡിഎഫിനെ കൂടി വെല്ലുവിളിച്ചാണ് പാലക്കാടും ചേലക്കരയിലും സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. പിന്നീട് പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച എങ്കിലും ചേലക്കരയിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരളയുടെ സ്ഥാനാർത്ഥിയായി സുധീർ തുടർന്നു. സുധീറിന്‍റെ സ്ഥാനാർത്ഥിത്വം ഇരുമുന്നണികളുടെയും  സാധ്യതയിൽ നിർണായകമാകുമെന്ന് പിവി അൻവർ അവകാശപ്പെട്ടങ്കിലും അതുണ്ടായില്ല. 

എൻ.കെ. സുധീർ പിടിച്ച 3920 വോട്ട് ഇരു സ്ഥാനാർഥികളുടെയും വിജയപരാജയങ്ങളെ സ്വാധീനിച്ചില്ല. മുന്നണികളുടെ ബലമില്ലാതെ മത്സരിച്ച സ്ഥാനാർഥി എന്ന നിലയിൽ ചേലക്കരയിലേത് നേട്ടമാണന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നോടിയായി പ്രവർത്തനം കൂടുതൽ സജീവമാകും എന്നും പിവി അൻവർ. 

തന്‍റെ പിന്തുണ വയനാട്ടിൽ പ്രിയങ്കയ്ക്ക് വോട്ട് വർദ്ധിക്കാൻ കാരണമായി അവകാശവാദത്തെ പി കെ ബഷീർ പരിഹസിച്ചു. ചേലക്കരയിൽ ആയിരം വീടുകൾ നിർമ്മിച്ചത് നൽകുന്നത് അടക്കമുള്ള ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയായിരുന്നു പിവി അൻവറിന്റെ പ്രചാരണം.

ENGLISH SUMMARY:

PV Anvar party get 3920 votes in Chelakkara Bypolls.