ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപിന് ആദ്യ ലീഡ്. ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ 4498 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് രണ്ടാമത്. എൽഡിഎഫും യുഡിഎഫും തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. യു.ആർ.പ്രദീപ് മണ്ഡലം നിലനിർത്തുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. രമ്യഹരിദാസ് മണ്ഡലം പിടിച്ചെടുക്കുമെന്ന് യുഡിഎഫും ഉറച്ച് വിശ്വസിക്കുന്നു. കെ.ബാലകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി.
72.77 ആണ് ചേലക്കരയിലെ പോളിങ് ശതമാനം. കെ.രാധാകൃഷ്ണൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവച്ച ഒഴിവിലാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന് 19 ടേബിളുകളാണ് തയാറാക്കിയിട്ടുള്ളത്. വോട്ടെണ്ണൽ പ്രക്രിയ പൂർണമായും ചിത്രീകരിക്കുന്നുമുണ്ട്. ചെറുതുരുത്തി ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണല്‍.
അതേസമയം, പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. എന്നാല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഇ. ശ്രീധരന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡ് നേടാനായില്ല. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമതാണ്. വയനാട്ടില്‍ 30,000ത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ലീഡ് ചെയ്യുകയാണ്.ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ എണ്ണായിരം വോട്ടുകള്‍ കുറവാണ് പ്രിയങ്കയ്ക്ക്.