pradeep

TOPICS COVERED

സി.പി.എമ്മിന് ആശ്വാസമായി ചേലക്കര ഇടനെഞ്ചില്‍തന്നെ സ്ഥാനം പിടിച്ചു. ഇരുപത്തിയെട്ടു വര്‍ഷമായുള്ള സി.പി.എമ്മിന്റെ കോട്ട കൈവിട്ടില്ല. പന്ത്രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് യു.ആര്‍.പ്രദീപിന്റെ വിജയം. ഭൂരിപക്ഷം ഗണ്യമായ‍ി കുറയ്ക്കാന്‍ രമ്യയ്ക്ക് കഴിഞ്ഞു. മണ്ഡലത്തില്‍ ബി.ജെ.പി കവര്‍ന്നത് ആരുടെ വോട്ടെന്ന ചോദ്യം ബാക്കി.   

 

യു.ആര്‍.പ്രദീപിന്റെ സല്‍പ്പേരില്‍ ചേലക്കരയില്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. ഒന്‍പത് പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും യു.ഡി.എഫിന് ലീഡ് കിട്ടിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവില്വാമല പഞ്ചായത്തില്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തു പോയി. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ യു.ആര്‍.പ്രദീപ് ലീഡ് നിലനിര്‍ത്തി. ആദ്യം എണ്ണിയ വരവൂര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം 1858. പ്രദീപിന്റെ നാടായ ദേശമംഗലം പഞ്ചായത്തില്‍ ഭൂരിപക്ഷം 2587. ചേലക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് മുക്ത പഞ്ചായത്തായ വള്ളത്തോള്‍നഗറില്‍ 2275 ആണ് എല്‍.ഡി.എഫിന്റെ ഭൂരിപക്ഷം. പാഞ്ഞാളില്‍ പ്രദീപിന്റെ ഭൂരിപക്ഷം 1948. ചേലക്കര പഞ്ചായത്തില്‍ 936 വോട്ടുകളില്‍ എല്‍.ഡി.എഫ്. ലീഡ് ചെയ്തു. കോണ്‍ഗ്രസ് ഭരിക്കുന്ന കൊണ്ടാഴി പഞ്ചായത്തില്‍ പ്രദീപ് ലീഡ് ചെയ്തു. 714 വോട്ടുകളുടെ  ഭൂരിപക്ഷം. കോണ്‍ഗ്രസ് ഭരിക്കുന്ന പഴയന്നൂര്‍ പഞ്ചായത്തില്‍ 851 ആണ് പ്രദീപിന്റെ ഭൂരിപക്ഷം. മുള്ളൂര്‍ക്കരയില്‍ എല്‍.ഡി.എഫ് ലീഡ് രണ്ടക്കം മാത്രം. 83. കോണ്‍ഗ്രസിന്റെ പഞ്ചായത്തായ തിരുവില്വാമലയില്‍ പ്രദീപ് 871 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു. ഇവിടെ, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയെ വിമര്‍ശിക്കാന്‍ പേരിനു പോലും കാരണമില്ലായിരുന്നു. ഇത്, ജനം തിരിച്ചറിഞ്ഞു. ജയിപ്പിച്ചു.

ആലത്തൂര്‍ ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരുമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മല്‍സരിച്ച രമ്യ ഹരിദാസ് പറഞ്ഞു. 9,500 വോട്ടുകളാണ് ബി.ജെ.പിയ്ക്ക് കൂടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 24,045 വോട്ടുകളായിരുന്നു ബി.ജെ.പിയുടേത്.ഇത്തവണ അത് 33609 ആയി ഉയര്‍ത്താന്‍ ബി.ജെ.പിയ്ക്കു കഴിഞ്ഞു. പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥി എന്‍.കെ.സുധീറിന് ലഭിച്ചത് 3920 വോട്ടുകള്‍. ഇരുപതിനായിരം വോട്ടുകള്‍ പിടിച്ച് സി.പി.എമ്മിന്റെ വോട്ടുകള്‍ ചോര്‍ത്തുമെന്ന അന്‍വറിന്റെ വാക്കുകള്‍ വെറും പ്രസ്താവനയില്‍ ഒതുങ്ങി. മുപ്പത്തിഒന്‍പതിനായിരത്തിലേറെ വോട്ടുകള്‍ക്കായിരുന്നു കെ.രാധാകൃഷ്ണന്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. അന്ന്, രാധാകൃഷ്ണന് കിട്ടിയ വോട്ടുകള്‍ 83,145. ഇത്തവണ അത്, 64,827 ആയി കുറഞ്ഞു. ഇടതുകോട്ടയായ ചേലക്കരയില്‍ പതിനെണ്ണായിരം വോട്ടുകളുടെ കുറവുണ്ടായി. 

ENGLISH SUMMARY:

Chelakkara byelection results UR Pradeep won ldf