govindan-result-plkf

വര്‍ഗീയശക്തികളെ കോര്‍ത്തിണക്കിയാണ് പാലക്കാട്ട് യുഡിഎഫ് ജയിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാ അത്തെ ഇസ്​ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് ആദ്യം അവിടെ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും കേരളം മുഴുവനും ഇന്നത് അംഗീകരിച്ചുവെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

 

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള വോട്ടിന്‍റെ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞു. ഇടതു മുന്നണിയെ എഴുതിത്തള്ളേണ്ട സീറ്റല്ല പാലക്കാടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡോ. പി. സരിന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വയനാട്ടില്‍ യുഡിഎഫിനുണ്ടായത് സ്വാഭാവിക ജയമാണ്. കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും അതാവര്‍ത്തിച്ചെന്നേയുള്ളൂ. ഭരണവിരുദ്ധ വികാരമില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെക്കാളും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ചേലക്കരയില്‍ സാധിക്കുമായിരുന്നില്ല. യുഡിഎഫിന് അങ്ങനെ പറയാന്‍ ആഗ്രഹമുണ്ട്. അത് പ്രകടിപ്പിക്കട്ടെയെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളിങ്ങനെ: 'സരിന്‍ മികച്ച സ്ഥാനാര്‍ഥിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി. കേരളം മുഴുവന്‍ അത് അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. ബിജെപിയുമായുള്ള വോട്ടിന്‍റെ അന്തരം കുറയ്ക്കാന്‍ കഴിഞ്ഞു. പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എഴുതിത്തള്ളേണ്ട സീറ്റല്ല. എല്ലാ വര്‍ഗീയ ശക്തികളെയും ചേര്‍ത്താണ് അവിടെ ജയിച്ചത്. യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വിഭാഗം ജമാ അത്തെ ഇസ്​ലാമിയും എസ്ഡിപിഐയുമാണ്. ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പ് ആദ്യം അവിടെ പ്രകടനം നടത്തിയത് എസ്ഡിപിഐയാണ്. സ്വാഭാവികമായും മുസ്​ലിം വര്‍ഗീയശക്തികളെ കൂടി ഐക്യമുന്നണിയുടെ ഭാഗമായി ചേര്‍ത്തുകൊണ്ടാണ് കൊട്ടിഘോഷിക്കുന്ന ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചതെന്നും ബിജെപിയാണ് അപകടമെന്ന് കാണിച്ച് വലിയ രീതിയില്‍ ന്യൂനപക്ഷ വോട്ട് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ആരെക്കാളും മുന്‍പന്തിയില്‍ നിന്നത് ജമാ അത്തെ ഇസ്​ലാമിയും എസ്ഡിപിഐയുമാണ്. ഈ മഴവില്‍ സഖ്യമാണ് യഥാര്‍ഥത്തില്‍ പാലക്കാട് പ്രവര്‍ത്തിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഇടതുപക്ഷമാണ് ഒന്നാമത്തെ ശത്രുവെന്ന ധാരണയോട് കൂടി യോജിച്ച് പ്രവര്‍ത്തിച്ചുവെന്നാണ് മുന്‍സിപ്പാലിറ്റിയിലെയും പുറത്തെയും വോട്ടിങ് പാറ്റേണ്‍ നോക്കുമ്പോള്‍ മനസിലാക്കുന്നത്.

വയനാട്ടില്‍ യുഡിഎഫിനുണ്ടായത് സ്വാഭാവിക ജയമാണ്. കഴിഞ്ഞവര്‍ഷത്തെ പോലെ ഇത്തവണയും അതാവര്‍ത്തിച്ചുവെന്നേയുള്ളൂ. ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കപ്പെട്ടിട്ടില്ല. അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെക്കാളും കൂടുതല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ ചേലക്കരയില്‍ സാധിക്കുമായിരുന്നില്ല. യുഡിഎഫിന് അങ്ങനെ പറയാന്‍ ആഗ്രഹമുണ്ട്. അത് പ്രകടിപ്പിക്കട്ടെ. ഡോ. പി. സരിന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുതല്‍ക്കൂട്ടാണ്. മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകും. ഒരു തെറ്റിദ്ധാരണയും അക്കാര്യത്തില്‍ വേണ്ട'.

നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജയം. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ഒന്നാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ രാഹുല്‍ ലീഡ് പിടിച്ചെങ്കിലും മൂന്നാാം റൗണ്ടില്‍ വീണ്ടും കൃഷ്ണകുമാര്‍ ലീഡ് പിടിച്ചു. അ‍ഞ്ചാം റൗണ്ടിലാണ് രാഹുല്‍ ആധിപത്യം ഉറപ്പിച്ചത്.

Google News Logo Follow Us on Google News

ENGLISH SUMMARY:

CPM state secretary M.V. Govindan stated that the UDF secured its victory in Palakkad by aligning with communal forces. He also alleged that the SDPI staged the first demonstration at the site before the results were announced.