ഉപതിരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫ് പ്രതീക്ഷിച്ചത് പോലെ തന്നെയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.വിവാദങ്ങളൊന്നും യുഡിഎഫിനെ ഏശിയില്ലെന്നും വിവാദങ്ങള്‍ ഏശാന്‍ മാത്രം അപാകതയൊന്നും യുഡിഎഫിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേരായമാര്‍ഗത്തിലാണ് ജനങ്ങളെ സമീപിച്ചത്. അത് ഇഷ്ടപ്പെട്ടതിന്‍റെ പ്രതിഫലനമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അതാണ് പാലക്കാട്ടെ നഗരസഭയിലെ മുന്നേറ്റം കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. നാല്‍പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചയിടത്ത് ഇക്കുറി പതിനായിരത്തില്‍ ഭൂരിപക്ഷം ഒതുങ്ങിയെന്നും സുധാകരന്‍ വ്യക്തമാക്കി. പാലക്കാട്ടെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 15,294 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. രണ്ടാമത് ബിജെപിയാണ്. മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്വതന്ത്രനായ സരിന്‍ ഉള്ളത്.
ചേലക്കരയില്‍ യു.ആര്‍ പ്രദീപ് 12,067 വോട്ടുകള്‍ക്ക് മുന്നേറുകയാണ്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അതാണ് ചേലക്കരയിലെ ജനവിധി കാണിക്കുന്നതെന്നും യു.ആര്‍ പ്രദീപ് പ്രതികരിച്ചു. ഒരു പഞ്ചായത്തില്‍ പോലും ലീഡ് ചെയ്യാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായിട്ടില്ല.
കന്നിയങ്കം കുറിച്ച പ്രിയങ്ക ഗാന്ധിയെ നെഞ്ചോട് ചേര്‍ത്ത് വയനാട്. മൂന്നരലക്ഷത്തിലേക്ക് പ്രിയങ്കയുടെ ലീഡ് കുതിക്കുകയാണ്. ഏഴ് ലക്ഷം വോട്ടുകള്‍ ഇതിനകം എണ്ണിക്കഴിഞ്ഞു. രണ്ടരലക്ഷം വോട്ട് മാത്രമാണ് ഇനി എണ്ണാനുള്ളത്.