ചേലക്കര കരുത്തോടെ പിടിച്ചും പാലക്കാട് വോട്ടുനില ഉയര്‍ത്തിയും ഭരണവിരുദ്ധവികാരമില്ലെന്ന് വാദിച്ച് സിപിഎമ്മും ഇടതുമുന്നണിയും. പാലക്കാട്ടെ യുഡിഎഫ് വിജയത്തെ വര്‍ഗീയതയുമായി കൂട്ടികെട്ടുന്ന സിപിഎം, ചേലക്കരയിലെ വിജയത്തെ മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ദിശാസൂചികയായിട്ടാണ് വാഴ്ത്തുന്നത്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ
ചേലക്കരയില്‍ യു ആര്‍ പ്രദീപ് മണ്ഡലം നിലനിര്‍ത്തുമ്പോള്‍ ആശ്വാസം സിപിഎമ്മിനേക്കാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് . പിണറായി ഭരണം ജനത്തിന് മടുത്തെന്ന ആക്ഷേപത്തില്‍ നിന്നും തല്ക്കാലം തലയൂരാന്‍ ചേലക്കര വഴിയൊരുക്കും. ചേലക്കര നിലനിര്‍ത്തുമെന്ന് വ്യക്തമായതോടെ ആദ്യ പ്രതികരണവുമായി എത്തിയ മുഹമ്മദ് റിയാസ് പിണറായിയെ വാനോളം വാഴ്ത്തി
Read Also: പാലക്കാട്ടേത് വര്‍ഗീയതയുടെ വിജയം; സരിന്‍ മുതല്‍ക്കൂട്ട്; സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് സിപിഎം
സീറ്റ് നിലനിര്‍ത്തി എന്നതിനേക്കാള്‍ , കഴിഞ്ഞ ലോക്സഭയില്‍ കെ രാധാകൃഷ്ണനെ ചേലക്കരയില്‍ കിട്ടിയ ഭൂരിപക്ഷത്തേക്കാള്‍ ഏഴായിരം വോട്ട് കൂട്ടിയതാണ് ഭരണവിരുദ്ധവികാരമില്ലെന്ന് വാദിക്കാനുള്ള സിപിഎമ്മിന്‍റെ ഒരായുധം . ചേലക്കരയില്‍ 2021 ലെ ഭൂരിപക്ഷത്തെക്കാള്‍ 27199 വോട്ട് കുറഞ്ഞെന്നത് പക്ഷെ വിജയത്തിന്‍റെ ആശ്വസത്തില്‍ സിപിഎം മറക്കുകയാണ്
പാലക്കാട് സരിനെ ഇറക്കി രണ്ടാം സ്ഥാനത്ത് എത്താനുള്ള മോഹം പാളിപോയത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. എന്നാല്‍ 2021 ല്‍ സിപി പ്രമോദും കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എ വിജയരാഘവനും നേടിയ വോട്ടിനെക്കാള്‍ സരിന് വോട്ടുകൂടിയതാണ് സരിന്‍റെ സ്ഥാനാര്‍ഥിത്വത്തെ പ്രതിരോധിക്കാനുള്ള ഒരായുധം . പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ ആധികാരിക വിജയം നേടുമ്പോള്‍ ആ വിജയത്തെ വര്‍ഗീയ ശക്തികളുമായി കൂട്ടിക്കെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി
മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രചരിപ്പിക്കാന്‍ ചേലക്കര ഉയര്‍ത്തിക്കാട്ടുകയാണ് സിപിഎം . പാലക്കാട് കിട്ടിയില്ലെങ്കിലും ചേലക്കര കൈയില്‍ നിന്നും പോകരുതെന്ന് കരുതിയുള്ള സിപിഎമ്മിന്‍റെ തന്ത്രങ്ങള്‍ ഒരു പരിധിവരെ വിജയിച്ചു. പാലക്കാട് സിപിഎം ഇളക്കി വിട്ട വിവാദങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ യുഡിഎഫ് ശ്രദ്ധിച്ചപ്പോള്‍ ചേലക്കരയില്‍ ഭരണവിരുദ്ധ വികാരത്തെ ഉയര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. ചേലക്കരയില്‍ വിജയിക്കുന്നതോടെ ലോക്സഭയിലേറ്റ പരാജയം ഭരണവിരുദ്ധ വികാരമല്ലെന്ന് സ്ഥാപിക്കാന്‍ സിപിഎമ്മിനാവും. പാര്‍ട്ടി സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം കുറയുമെന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ചേലക്കര പ്രചാരണ ആയുധമാക്കാമെന്നതും സിപിഎമ്മിന് ഗുണകരമാണ്