ഉപതിരഞ്ഞെടുപ്പിലെ കുതിപ്പ് യുഡിഎഫിന് സമ്മാനിക്കുന്നത് 2026ലേക്കുള്ള കരുത്തും ഊര്‍ജ്ജവും. പാലക്കാടന്‍ മണ്ണിലെ ചരിത്രവിജയവും പോളിങ് കുറഞ്ഞ വയനാട്ടില്‍ ഉയര്‍ത്തിയ ഭൂരിപക്ഷവും കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യങ്ങള്‍ മറികടന്നതിന്റെ തെളിവായി. ഭൂരിപക്ഷം കുറച്ച് ചേലക്കരയിലെ വിജയത്തിളക്കത്തിന്റെ മാറ്റുകുറച്ചത് സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഉണ്ടെന്ന പ്രചാരണത്തിനും കരുത്തേകും.
Read Also: ‘യുഡിഎഫിന്‍റേത് ഉജ്വല വിജയം; ബിജെപിയെ തടുക്കാന്‍ ഇനി കോണ്‍ഗ്രസ് മാത്രം’
യുഡിഎഫ് മുന്നണിയല്ല, മറിച്ച് ഒരു പാര്‍ട്ടി പോലെയാണ്. ചെറിയ അപശബ്ദങ്ങള്‍ക്കിടയിലും, അത്രയ്ക്ക് ഐക്യത്തോടെയാണ് മുന്നണി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയത്തിന്റെ ക്രെഡിറ്റ് പകുത്തുനല്‍കിയ സതീശന്‍ ടച്ചിലുണ്ട് എല്ലാം.
സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ മുന്നണി നേതാക്കളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയത് നേട്ടമായി. വിവാദങ്ങളെയും ട്രോളിയായി ഉരുണ്ടുവന്ന ചതിക്കുഴികളെയും മുന്നണി നേതൃത്വം ഒറ്റക്കെട്ടായി പ്രതിരോധിച്ചതും ശ്രദ്ധേയമായി. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കാട്ടിയ ഓപ്പറേഷന്‍ മികവ് മുന്‍പൊന്നും കോണ്‍ഗ്രസ് കാണിക്കാത്ത മിടുക്കായി. അവിടെ ലീഗ് നേതാക്കളുടെ സാന്നിധ്യം തന്നെ മാറിയ മുന്നണി ശൈലിയുടെ ഉദാഹരണമായി.
പോളിങ് ശതമാനം കുറഞ്ഞാല്‍ ഗുണം ഇടതുപക്ഷത്തിനാണെന്ന് ഒരു വയ്പ്പുണ്ട്. സംഘടനാശക്തി ഉപയോഗിച്ച് സ്വന്തം വോട്ടുകള്‍ പോള്‍ ചെയ്യിപ്പിക്കുന്നതിലെ ഇടതുതന്ത്രമാണ് അതിന് ആധാരം. അതൊക്കെ പഴങ്കഥയാണെന്ന് തെളിയിച്ചു പോളിങ് കുറഞ്ഞ പാലക്കാട്ടെയും വയനാട്ടിലെയും ചരിത്രവിജയം. ചേലക്കരയില്‍ ഇടതുഭൂരിപക്ഷം മൂന്നിലൊന്നായി കുറച്ചത് ഭരണവിരുദ്ധവികാരത്തിന്റെ തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാണിക്കും. സഹതാപതരംഗം കൂടി ആശ്വാസം പകര്‍ന്ന തൃക്കാക്കരയും പുതുപ്പള്ളിയും കടന്ന് പാലക്കാട്ട് എത്തുമ്പോള്‍ യുഡിഎഫ് നേതൃത്വം 2026ന് സജ്ജമാണെന്ന് വിളിച്ചുപറയുകയാണ്.