പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലെ വിജയം കൂട്ടായ്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഇത് ടീം വര്‍ക്കിന്റെ വിജയമാണ്, നേതാക്കന്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. എനിക്കായി പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നു. സ്ഥാനാര്‍ഥി എന്ന നിലയില്‍ താന്‍ ഭാഗ്യം കിട്ടിയ ആളെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ഷാഫി പറമ്പിലിന്‍റെയും വികെ ശ്രീകണ്ഠന്‍റെയും പേരുകള്‍ എടുത്തുപറഞ്ഞ രാഹുല്‍ തന്നെപ്പോലെ സാധാരണ പ്രവര്‍ത്തകനെ ചേര്‍ത്തുപിടിക്കുന്നത് സാധാരണക്കാര്‍ക്ക് പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരണയാകുമെന്നും പറഞ്ഞു. പാലക്കാടിന്‍റെ വിജയമാണ്, പാലക്കാട് ആഗ്രഹിച്ച വിജയമാണിതെന്നും കൂട്ടിച്ചേര്‍ത്തു. പാലക്കാട് ആഗ്രഹിച്ചത് മതേതരത്വത്തിന്‍റെ വിജയമാണ്. സി.പി.എമ്മും ബി.ജെ.പിയും വ്യക്തി അധിക്ഷേപം നിര്‍ത്തി രാഷ്ട്രീയം പറയണമെന്നും ഇത് തന്‍റെ അഭ്യര്‍ത്ഥന ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍‌ പറഞ്ഞു.

പാലക്കാട്ടെ ജനങ്ങളുടെ രാഷ്ട്രീയ വിജയമാണിതെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാടിന്‍റേത് മതേതര മനസ്സെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. ചില മാധ്യമങ്ങള്‍ വേട്ടയാടി, ജനങ്ങള്‍ ഇതെല്ലാം കുറിച്ചുവച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞുപോകും, നാട് ഇനിയും മുന്നോട്ടുപോകണ്ടേയെന്നും ഷാഫി.

അതേസമയം, സഖാക്കള്‍ക്ക് നന്ദി പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും രംഗത്തെത്തി. ഓരോ സഖാവിനും ഹൃദയത്തില്‍ നിന്ന് നന്ദി. ജനങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാകുമെന്നും സരിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. ‘ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്‍റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്‍റെ വികസനം സർക്കാരിന്‍റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും.’ സരിന്‍ കുറിച്ചു.

തോല്‍വി പഠിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറും പ്രതികരിച്ചു. ആത്മപരിശോധന നടത്തി പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സി.കൃഷ്ണകുമാര്‍. അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്, തോല്‍വി തിരിച്ചടിയല്ല. ഒരു വാരിയര്‍ക്കും ഫലത്തെ സ്വാധീനിക്കാനായിട്ടില്ല. ഇ.ശ്രീധരന് ലഭിച്ചത് രാഷ്ട്രീയാധീതമായ വോട്ടുകളെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ENGLISH SUMMARY:

In the Palakkad by-election, UDF candidate Rahul Mankoottil described his victory as a triumph of unity. He emphasized that it was a victory of teamwork, where leaders and party workers led the election campaign. He expressed gratitude for the unwavering support of the party, stating that he was fortunate to have been selected as the candidate. Rahul Mankoottil acknowledged that his success was made possible by the collective effort of everyone in the party.