ഷാഫിയുടെ നോമിനെയെന്ന് തുടങ്ങി കത്ത് വിവാദവും ട്രോളി ബാഗിലെ കള്ളപ്പണക്കടത്തും വ്യാജനെന്ന ആരോപണവും വരെ പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മുള്‍മുനയിലാക്കിയ ഘടകങ്ങള്‍ നിരവധി. സരിന്‍ ഇടത് ക്യാംപിലെത്തി സ്ഥാനാര്‍ഥിയായതും പ്രാദേശിക നേതാക്കള്‍ കലഹിച്ച് പാര്‍ട്ടി വിട്ടപ്പോഴും ആരോപണ മുള്‍മുനയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും. തളര്‍ത്തുന്ന മട്ടിലുള്ള വിവാദങ്ങളുയര്‍ന്നപ്പോഴും പിടിച്ചുനിന്ന് കോണ്‍ഗ്രസ് നേടിയത് ജയത്തിന് പത്തരമാറ്റ് തിളക്കം.
അടൂരില്‍ നിന്നും വണ്ടികയറി പാലക്കാട്ടിറങ്ങിയത് മുതല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് നേരിടേണ്ടി വന്ന ആരോപണങ്ങള്‍ ചെറുതായിരുന്നില്ല. വരുത്തന്‍, ഷാഫിയുടെ നോമിനി, ലീഡറെ അപമാനിച്ചവന്‍ അങ്ങനെ പലതും നിരത്തി കൂട്ടത്തിലുണ്ടായിരുന്നവരില്‍ ചിലരും, പ്രതിപക്ഷവും. തീര്‍ന്നില്ല പ്രതിസന്ധി. കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ച കത്ത് പുറത്തായത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പണമിടപാട് നടന്നുവെന്ന പരാതിയില്‍ പൊലീസിന്റെ പാതിരാ പരിശോധന. ട്രോളി ബാഗില്‍ കള്ളപ്പണം കടിത്തയവനെന്ന ആരോപണത്തെ മറികടക്കാന്‍ പുലര്‍ച്ചെ കോഴിക്കോട് നഗരത്തില്‍ രാഹുലിന് ഫേസ് ബുക്ക് ലൈവില്‍ ചേരേണ്ടി വന്നത്. ഒടുവില്‍ കൂടെയുണ്ടായിരുന്ന പലരും കലഹിച്ച് മറുകണ്ടം ചാടി എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ട് തേടുന്നത് വരെയെത്തിയ പ്രതിസന്ധി. വല്ലാതെ വേദനിച്ചപ്പോഴും പാലക്കാട്ടുകാരെ വിശ്വാസമായിരുന്നുവെന്ന് രാഹുല്‍.
വടകരയിലെ കാഫിര്‍ ഷോട്ടിന് സമാനമായി സിപിഎം പാലക്കാട്ടിറക്കിയ വര്‍ഗീയ കാര്‍ഡ് ഇനിയെങ്കിലും നിര്‍ത്തിക്കൂടേയെന്ന് ഷാഫി പറമ്പില്‍. ഇടതുമുന്നണി തൊടുത്തുവിട്ട പല ആരോപണങ്ങളും വിയോജിച്ച് നിന്ന കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും യോജിച്ച് നീങ്ങാന്‍ സഹായമായെന്നാണ് വിലയിരുത്തല്‍. ഒടുവില്‍ പാലക്കാട് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ നേടിയ വിജയം സകല വിവാദങ്ങളെയും മറികടക്കുന്നതായി.