പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് ആദ്യ ലീഡ്. 1300വോട്ടുകള്‍ക്കാണ് കൃഷ്ണകുമാര്‍ നിലവില്‍ ലീഡ് ചെയ്യുന്നത്. എന്നാല്‍ ആദ്യ റൗണ്ട് പിന്നിടുമ്പോള്‍ ഇ. ശ്രീധരന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയ ലീഡ് നേടാനായില്ല. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമതാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യമണിക്കൂറില്‍ ഒരിക്കല്‍ പോലും സരിന് ലീഡ് നേടാനായില്ല. പാലക്കാട്ട് ആകെ 184 ബൂത്തുകളുണ്ട്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍. പതിനാല് ടേബിളുകളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് പാലക്കാട്ടാണ്. ഷാഫി പറമ്പില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫില്‍ ഷാഫിയുടെ പകരക്കാരാനാകാന്‍ മല്‍സരിക്കുന്നത്. വിവാദങ്ങള്‍ ഒന്നൊന്നായി പൊട്ടിയിറങ്ങിയ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്. കോണ്‍ഗ്രസില്‍ നിന്നെത്തിയ പി.സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ മുന്‍ നഗരസഭാധ്യക്ഷന്‍ സി.കൃഷ്ണകുമാറിന്‍റെ ജനപ്രീതിയിലാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം, വയനാട്ടില്‍ 30,000ത്തിലേറെ വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ലീഡ് ചെയ്യുകയാണ്.ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രാഹുല്‍ ഗാന്ധി നേടിയതിനെക്കാള്‍ എണ്ണായിരം വോട്ടുകള്‍ കുറവാണ് പ്രിയങ്കയ്ക്ക്. ചേലക്കരയില്‍ തുടക്കം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍ പ്രദീപ് ലീഡ് ചെയ്യുകയാണ്. 1890 വോട്ടുകള്‍ക്കാണ് മുന്നേറുന്നത്.