rahul-won-plkd

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയം.നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തെ അപ്രസക്തമാക്കി 18724 വോട്ടുകള്‍ക്കാണ് ജയം. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്. ഒന്നാം റൗണ്ടില്‍ കൃഷ്ണകുമാര്‍ ലീഡ് ചെയ്തു. രണ്ടാം റൗണ്ടില്‍ രാഹുല്‍ ലീഡ് പിടിച്ചെങ്കിലും മൂന്നാാം റൗണ്ടില്‍ വീണ്ടും കൃഷ്ണകുമാര്‍ ലീഡ്  പിടിച്ചു. അ‍ഞ്ചാം റൗണ്ടിലാണ് രാഹുല്‍ ആധിപത്യം ഉറപ്പിച്ചത്. 

ഉപതിരഞ്ഞെടുപ്പിലെ ജയം പ്രതീക്ഷിച്ചതെന്നായിരുന്നു കെപിസിസി  പ്രസിഡന്‍റ് കെ. സുധാകരന്‍റെ പ്രതികരണം. ബിജെപിക്കെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അതാണ് പാലക്കാട്ടെ നഗരസഭയിലെ മുന്നേറ്റം കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. നാല്‍പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചയിടത്ത് ഇക്കുറി പതിനായിരത്തില്‍ ഭൂരിപക്ഷം ഒതുങ്ങിയെന്നും സുധാകരന്‍ വ്യക്തമാക്കി.വിവാദങ്ങളൊന്നും യുഡിഎഫിനെ ഏശിയില്ലെന്നും വിവാദങ്ങള്‍ ഏശാന്‍ മാത്രം അപാകതയൊന്നും യുഡിഎഫിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ്   നേരായമാര്‍ഗത്തിലാണ് ജനങ്ങളെ   സമീപിച്ചത്. അത് ഇഷ്ടപ്പെട്ടതിന്‍റെ പ്രതിഫലനമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

UDF candidate Rahul Mamkootathil has won the Palakkad by-election, securing victory by a margin of 18,724 votes. In a fiercely contested political battle, BJP's C. Krishnakumar finished in second place.