പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ മുന്നേറ്റത്തിന് പിന്നലെ ആഘോഷത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. 1400ൽ അധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വോട്ടെണ്ണലിന്‍റെ മൂന്നാം ഘട്ടം പിന്നിടുന്നത്. ആദ്യഘട്ടത്തിൽ, നഗരവാര്‍ഡുകളില്‍ പതിവുപോലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ മുന്നേറിയപ്പോള്‍ കിതച്ച രാഹുല്‍ പക്ഷേ പിന്നീട് ലീഡ് ഉയര്‍ത്തി. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ആഘോഷവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ട്രോളിബാഗും തലയില്‍ വച്ച് രാഹുലിന് ജയ് വിളിച്ചാണ് പ്രവര്‍ത്തകര്‍ ആഘോഷിച്ചത്. പെട്ടി പെട്ടി ട്രോളിപ്പെട്ടി പെട്ടിതുറന്നപ്പോള്‍ ബിജെപി പൊട്ടി എന്നയിരുന്നു പ്രവര്‍ത്തരുടെ മുദ്രാവാക്യം.
രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വം, സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായുള്ള മത്സരം, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം, പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം എന്നിവയെല്ലാം കോണ്‍ഗ്രസിന് തലവേദന ആയിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് രാഹുലിന്‍റെ മുന്നേറ്റം .
ഷാഫി പറമ്പില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫില്‍ ഷാഫിയുടെ പകരക്കാരാനാകാന്‍ മല്‍സരിക്കുന്നത്. വിവാദങ്ങള്‍ ഒന്നൊന്നായി പൊട്ടിയിറങ്ങിയ തിരഞ്ഞെടുപ്പ് എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ അഭിമാനപ്രശ്നമാണ്.