പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ തേരോട്ടത്തില്‍ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി എത്തിയ സരിനെതിരെ ട്രോള്‍ പൂരം. മൂന്നാം സ്ഥാനത്താണ് സരിന്‍ എത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ലീഡുകള്‍ മാറിമറിഞ്ഞാലും അവസാന റൗണ്ടില്‍ തിരിച്ചുപിടിക്കുമെന്നായിരുന്നു സരിന്‍ പറഞ്ഞത്. ആദ്യ രണ്ടുറൗണ്ട് കഴിയുമ്പോള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തുവരാന്‍ സാഹചര്യമുണ്ടാകുമെന്നും പാലക്കാട്ട് ഇന്ന് ജനാധിപത്യത്തിന്‍റെ പുതിയ സൂര്യന്‍ ഉദിക്കുമെന്നും സരിന്‍ പറഞ്ഞിരുന്നു. ഇതെല്ലാമാണ് ട്രോളായി തിരിച്ചടിക്കുന്നത്. വിജയിച്ച് കഴിഞ്ഞാല്‍ ആദ്യം പോകുന്നത് ഷാഫി പറമ്പിലിന്‍റെ ഓഫീസിലേക്കായിരിക്കുമെന്നും എഴുപതിനായിരം വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും സരിന്‍ പറഞ്ഞിരുന്നു.
പാലക്കാട് തിരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ആദ്യം യുഡിഎഫ് ഓഫിസിൽ എത്തുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.സരിനെതിരായിരുന്നു ചാമക്കാലയുടെ ട്രോൾ. ‘ പാലക്കാട് വിജയിച്ച ശേഷം നേരെ യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തുമെന്നറിയിച്ച പി.സരിനെയും കാത്ത്.’ എന്ന പോസ്റ്റോടെ സരിനെ പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല സമൂഹമാധ്യമത്തിൽ കുറിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്‍റെ ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ കണ്‍വീനറായിരുന്ന സരിൻ പാർട്ടി വിട്ടത്. രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിനുശേഷമായിരുന്നു രാജി.