ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേടിയത് ഉജ്വലമായ വിജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിജയത്തിനു പിന്നാലെ മാധ്യമങ്ങളെ കണ്ട അദ്ദേഹം വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തിന്‍റെ അഞ്ചിരട്ടി ഭൂരിപക്ഷം രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചെന്നും, ചേലക്കരയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്നാം സ്ഥാനം ഉറപ്പിച്ചിട്ടും പാലക്കാട് ബിജെപിയ്ക്ക് വിജയം ഉറപ്പിക്കാനുള്ള വഴിയാണ് എല്‍ഡിഎഫ് നോക്കിയത്. ബി.ജെ.പിയെ തടുത്തുനിര്‍ത്താന്‍ ഇനി കോണ്‍ഗ്രസ് മാത്രമേയുള്ളൂ. പാലക്കാട് ബിജെപി വോട്ടുകള്‍ ഗണ്യമായി കുറയ്ക്കാനായി. ഇ ശ്രീധരന് കിട്ടിയ വോട്ട് ബിജപിക്ക് കിട്ടിയ വോട്ടായിരുന്നില്ല. ആ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിച്ചു’ വിഡി സതീശന്‍ പറഞ്ഞു. 18,000 വോട്ടിന്‍റെ ഭൂരിപക്ഷം രാഹുലിനുണ്ട്. വിജയിച്ചത് എസ്ഡിപിഐ വോട്ട് നേടിയാണെന്ന് പറയാന്‍ സിപിഎം നേതാക്കള്‍ക്കേ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി തിളങ്ങിനില്‍ക്കുന്നുവെന്ന് പറഞ്ഞ മന്ത്രി റിയാസിനെ പരിഹസിച്ച അദ്ദേഹം, പരസ്യ നാടകം പെട്ടി നാടകം എന്നിവ നടത്തിയത് മന്ത്രിയും അളിയനുമാണെന്നും ഭൂരിപക്ഷം ഉയരാന്‍ കാരണം ഈ നാടകങ്ങളാണെന്നും പറഞ്ഞു. വയനാട്ടില്‍ പ്രിയങ്ക രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമെന്നും ഭരണവിരുദ്ധ വികാരം ജനവിധിയില്‍ വ്യക്തമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍, നിയമസഭ തിരഞ്ഞെടുപ്പിലെ ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷത്തെ മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ജയം. 18724 വോട്ടുകള്‍ക്കാണ് രാഹുല്‍ ജയിച്ചത്. വാശിയേറിയ രാഷ്ട്രീയപ്പോരാട്ടത്തില്‍ ബിജെപിയുടെ സി. കൃഷ്ണകുമാറാണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ മൂന്നാമതാണ്. നഗരമേഖലകളിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ മുന്നേറിയത്.
അതേസമയം രാഹുല്‍ഗാന്ധി 2021 ല്‍ നേടിയ ഭൂരിപക്ഷത്തെ മറികടന്നാണ് വയനാട്ടില്‍ പ്രിയങ്കയുടെ വിജയം. കന്നിയങ്കത്തില്‍ 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം. വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ പ്രിയങ്ക പത്തുമണിയോടെ തന്നെ ലീഡ് ഒരുലക്ഷം കടത്തിയിരുന്നു.