ഉജ്വല തിരഞ്ഞെടുപ്പ് അരങ്ങേറ്റം നടത്തിയ ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെ ജനതയ്ക്ക് നന്ദിപറഞ്ഞു. ഇനി നിങ്ങളുടെ ശബ്ദമായിരിക്കുമെന്നും നിങ്ങള്‍ക്കായി പോരാടുമെന്നും പ്രിയങ്ക പറഞ്ഞു. നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മനസ്സിലാക്കുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Read Also: വയനാടന്‍ ഹൃദയം തൊട്ട് പ്രിയങ്ക; ജയത്തോടെ തുടക്കം; രാഹുലിന്‍റെ ഭൂരിപക്ഷവും മറികടന്നു
പോളിങ് കുറഞ്ഞതിലെ ആശങ്കകളെ തള്ളി, മിന്നുന്ന വിജയമാണ് വയനാടന്‍ ജനത പ്രിയങ്ക ഗാന്ധിക്ക് സമ്മാനിച്ചത്. 2024ലെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്ന്, നാല് ലക്ഷത്തി പതിനായിരത്തി തൊള്ളായിരത്തി മുപ്പത്തിയൊന്ന് വോട്ടുകള്‍ക്കാണ് പ്രിയങ്കയുടെ വിജയം. എല്‍ഡിഎഫിന് 75,622 വോട്ടും എന്‍ഡിഎയ്ക്ക് 32,965 വോട്ടും കുറഞ്ഞു. പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലധികം വോട്ടും പ്രിയങ്ക നേടി.
ഉജ്വലമായ ജയമാണ് യുഡിഎഫിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രതീക്ഷിച്ച ജയമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതികരിച്ചു. ബിജെപിയെ തടുത്ത് നിര്‍ത്താന്‍ ഇനി കോണ്‍ഗ്രസ് മാത്രമാണുള്ളതെന്നും ഈ വിജയം ടീം വര്‍ക്കിന് സമര്‍പ്പിക്കുന്നുവെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗടക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും ചേലക്കരയില്‍ എല്‍ഡിഎഫിന്‍റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാനായത് നേട്ടമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിക്കെതിരായ ജനവികാരം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞുവെന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും അതാണ് പാലക്കാട്ടെ നഗരസഭയിലെ മുന്നേറ്റം കാണിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. നാല്‍പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചയിടത്ത് ഇക്കുറി പതിനായിരത്തില്‍ ഭൂരിപക്ഷം ഒതുങ്ങിയെന്നും സുധാകരന്‍ വ്യക്തമാക്കി.വിവാദങ്ങളൊന്നും യുഡിഎഫിനെ ഏശിയില്ലെന്നും വിവാദങ്ങള്‍ ഏശാന്‍ മാത്രം അപാകതയൊന്നും യുഡിഎഫിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് നേരായമാര്‍ഗത്തിലാണ് ജനങ്ങളെ സമീപിച്ചത്. അത് ഇഷ്ടപ്പെട്ടതിന്‍റെ പ്രതിഫലനമാണ് നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.