പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായ കൊല്ലം കരുനാഗപ്പളളിയിലെ വിമതസ്വരത്തിന് തടയിടാന്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപെടുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ശനിയാഴ്ച ജില്ലയിലെത്തും. സിപിഎം ജില്ലാ കമ്മിറ്റി ഒാഫിസില്‍ രാവിലെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേരും. പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തമ്മിലടിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് നേതൃത്വം. ലോക്കല്‍സമ്മേളനങ്ങളിലെ കയ്യാങ്കളിക്ക് പിന്നാലെ സേവ് സിപിഎം എന്ന പേരില്‍ പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും സംഘടിച്ച് പ്രതിഷേധിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. അതേസമയം പാര്‍ട്ടി നടപടിയെടുത്താലും സാരമില്ല, തിരുത്തലിന് നേതൃത്വം തയാറാകണമെന്നാണ് സേവ് സിപിഎം പ്രവര്‍ത്തകരുടെ നിലപാട്

സിപിഎമ്മിലെ വിഭാഗീയതയും തമ്മിലടിയും രൂക്ഷമായ കൊല്ലം കരുനാഗപ്പളളിയില്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി ഒാഫിസിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധിച്ച് ഒരുവിഭാഗം രംഗത്തെത്തിയത് വന്‍വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലോക്കല്‍സമ്മേളനങ്ങളിലെ കയ്യാങ്കളിക്ക് പിന്നാലെ സേവ് സിപിഎം എന്ന പേരിലാണ് പ്രാദേശികനേതാക്കളും പ്രവര്‍ത്തകരും സംഘടിച്ച് പ്രതിഷേധിച്ചത്. കൊളളക്കാരില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലുടനീളം നേതാക്കള്‍ക്കെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

ലോക്കൽ സമ്മേളനങ്ങളിൽ അവഗണിക്കപ്പെട്ടവരുടെ പ്രതിഷേധമാണ് ആളിക്കത്തിയത്. തൊടിയൂര്‍, കുലശേഖരപുരം, കല്ലേലിഭാഗം, ആലപ്പാട് പ്രദേശങ്ങളിലെ സഖാക്കള്‍ സംഘടിച്ചാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഒാഫീസിലേക്ക് പ്രകടനം നടത്തിയത്.

കഴിഞ്ഞ‌ദിവസം നടന്ന ലോക്കൽ സമ്മേളനങ്ങളിൽ ഏകപക്ഷീയമായി നേതൃത്വം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിമാരെയും നിശ്ചയിച്ച് അടിച്ചേൽപ്പിച്ചെന്നാണ് ആക്ഷേപം. ജില്ലാ കമ്മിറ്റി അംഗം പിആര്‍ വസന്തനെതിരെയായിരുന്നു പ്രതിഷേധക്കാരുടെ ആരോപണങ്ങളിലേറെയും. കരുനാഗപ്പളളി ഏരിയാകമ്മിറ്റിയിലെ പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ ഏഴിടത്താണ് തര്‍ക്കം കാരണം ലോക്കല്‍സമ്മേളനങ്ങള്‍ അലങ്കോലമായത്. കുലശേഖരപുരം നോര്‍ത്തില്‍ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, കെ. സോമപ്രസാദ് ഉൾപ്പെടെയുള്ളവരെ പ്രതിഷേധക്കാര്‍ പൂട്ടിയിട്ടിരുന്നു. 

കരുനാഗപ്പളളിയില്‍ നിന്നുളള ഒരു സംസ്ഥാനകമ്മിറ്റി അംഗവും, ജില്ലാകമ്മിറ്റി അംഗവും തമ്മിലുള്ള തർക്കമാണ് വിഭാഗീയതയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. നഗരത്തിൽ വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധിച്ചവര്‍ക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്നാണ് സൂചന. പരാതികൾ സംസ്ഥാന സമ്മേളനത്തിനു ശേഷം പരിശോധിക്കാനാണ് സാധ്യത. 

ENGLISH SUMMARY:

Protest in CPM spill out onto street in Karunagappally