തിരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി വയനാട്ടിൽ. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി മണ്ഡലത്തിലേക്ക് എത്തിയ എം.പിയെ വൻ സ്വീകരണം ഒരുക്കിയാണ് നാട് വരവേറ്റത്. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രിയങ്കയേയും രാഹുൽ ഗാന്ധിയേയും സ്വീകരിക്കാൻ ക്ഷണിക്കാത്തതിന്‍റെ അതൃപ്തിയിലാണ് മുസ്ലീം ലീഗ്.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ഉറ്റവർക്ക് വേണ്ടി പോരാടും എന്ന് ഉറപ്പുനൽകിയാണ് എംപി മണ്ഡലത്തിലെത്തിയത്. ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് വൻവരവേൽപ്പാണ് അണികൾ ഒരുക്കിയത്. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മുക്കത്തായിരുന്നു ആദ്യ പരിപാടി. രാഹുൽ ഗാന്ധിയും ഒപ്പം. മണ്ഡലത്തിലേക്ക് വിജയിച്ചെത്തിയ സഹോദരിക്ക് മുൻ എംപിയുടെ ഉപദേശവും.
വഴിനീളെ എം പിയെ കാണാൻ ജനം തിങ്ങി നിന്നു. മുക്കത്തെ പരിപാടിക്ക് ശേഷം നിലമ്പൂർ മണ്ഡലത്തിലെ കരുളായിയിലും, വണ്ടൂർ നിയോജക മണ്ഡലത്തിലും , ഏറനാട് മണ്ഡലത്തിലെ എടവണ്ണയിലും പ്രിയങ്ക പ്രിയ ജനത്തിന് നന്ദി പറഞ്ഞു. പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് ലീഗ് പ്രതിനിധിയെ ക്ഷണിക്കാത്തതിൽ മുസ്ലീം ലീഗ് നേതൃത്വത്തിന് അമർഷമുണ്ട്. നിലമ്പൂരിലും വണ്ടൂരിലും നടന്ന പരിപാടികളിൽ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും പി.വി അബ്ദുൽ വഹാബും പങ്കെടുത്തില്ല. എന്നാൽ ലീഗിന് അതൃപ്തിയിലെന്നും നാളെ വയനാട്ടിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ എല്ലാവരും പങ്കെടുക്കുമെന്നും യുഡിഎഫ് വയനാട് ജില്ലാ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ കെ കെ അഹമ്മദ് പറഞ്ഞു. അതേസമയം എടവണ്ണയിലെ പ്രധാന സംഘാടകൻ ലീഗ് എംഎൽഎ കൂടിയായ പി കെ ബഷീറായിരുന്നു.