തിരുവനന്തപുരത്ത് വഞ്ചിയൂരിലെ റോഡില്‍ സ്റ്റേജ് കെട്ടി പൊതുസമ്മേളനം നടത്തിയ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. പാളയം ഏരിയ കമ്മിറ്റിക്ക് പിശകുണ്ടായി. അത്തരത്തില്‍ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ല എന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്നും ഹൈക്കോടതിയില്‍ കേസ് വന്നതിന് പിന്നാലെ ജോയ് വ്യക്തമാക്കി. എന്നാല്‍ സ്റ്റേജ് കെട്ടിയത് മെയിന്‍ റോഡിലല്ലെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ബൈ റോഡിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്മാര്‍ട്സിറ്റി പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഗതാഗതം വഴി തിരിച്ചുവിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ കേസില്‍ സിപിഎമ്മുകാരെ പ്രതിചേര്‍ത്തിട്ടുണ്ട്. ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബുവിനെ ഒന്നാം പ്രതിയാക്കിയത്.
പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി റോഡിന്‍റെ ഒരു വശം പൂർണമായി കെട്ടിയടച്ചാണ് തിരുവനന്തപുരം ജില്ലാ കോടതിക്ക് മുന്നില്‍ സമ്മേളന വേദിയൊരുക്കിയിരുന്നത്. ഗതാഗതം തടസപ്പെടുത്തികൊണ്ടുള്ള പൊതുസമ്മേളനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവ് നില നിൽക്കുമ്പോഴാണ് കോടതിക്ക് മുന്നിൽ തന്നെ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയത്. ജനറൽ ആശുപത്രിയിലേക്കും ഹോളി ഏയ്‌ഞ്ചൽ കോൺവന്റ സ്കൂളും സെന്റ് ജോസഫ് സ്കൂളിലേക്കും അടക്കമുള്ള വഴിയാണ് സമ്മേളനത്തിനായി സിപിഎം കെട്ടിയടച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.