തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയലക്ഷ്യങ്ങളോടെയാണെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍. ബിജെപിക്കും ആര്‍എസ്എസിനും സുരേഷ്ഗോപിക്കും പങ്കുണ്ടെന്നും സുനില്‍കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. തൃശൂര്‍രാമനിലയത്തിലായിരുന്നു മലപ്പുറം അഡീഷനല്‍ എസ്.പിയുടെ നേതൃത്വത്തില്‍ മൊഴിയെടുപ്പ് നടന്നത്.
തൃശൂര്‍ പൂരം കലക്കിയത് പൊലീസെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്‍റെ നിലപാട്. എഴുന്നെള്ളിപ്പില്‍ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ വഴികള്‍ ബ്ലോക്ക് ചെയ്തു. പൂരപ്രേമികളെ തടയാന്‍ ബലപ്രയോഗം നടത്തിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദേവസ്വം വ്യക്തമാക്കിയിരുന്നു. ബൂട്ടിട്ട് പൊലീസ് ക്ഷേത്രപരിസരത്ത് കയറിയെന്നും പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മതിയായ കാരണങ്ങളില്ലാതെ ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും വാദങ്ങളുണ്ട്. എന്നാല്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് പൊലീസ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.