വയനാട് മോഡല്‍ സംസ്ഥാനത്താകെ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് സിപിഎം. ഇതോടെ ജില്ലാ സെക്രട്ടറിമാരായി പുതമുഖങ്ങള്‍ കൂടുതലായി വന്നേക്കും. നേതൃത്വത്തില്‍ മാത്രമല്ല കമ്മിറ്റികളെ ഒന്നാകെ യുവത്വമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പിബി അംഗം എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നീക്കം ഫലം കണ്ടാല്‍ പാര്‍ട്ടിക്ക് ഗുണമില്ലാതെ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന പലരും തെറിക്കും
വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ റഫീക്കിനെ കൊണ്ടുവന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമായിരുന്നു. യുവ വിഭാഗത്തെയും പുത്തന്‍ കാലത്തിന്‍റെ ട്രന്‍റ് അനുസരിച്ച് നീങ്ങുന്നവരെയും പാര്‍ട്ടിയിയോട് അടുപ്പിക്കുന്നതിനാണ് പാര്‍ട്ടി വയനാട്ടില്‍ ശ്രമിച്ചത്. പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുന്നതിനാലാണ് എസ് സുദേവന്‍ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടില്‍ റഫീക്ക് തിരഞ്ഞെടുക്കപ്പെത് വരുന്ന ജില്ലാസമ്മേളനങ്ങളിലേക്ക് പാര്‍ട്ടി നല്‍കുന്ന ഒരു സൂചനയാണ്. പാര്‍ട്ടിയെ ആകെ യുവത്വമാക്കുകയാണ് ലക്ഷ്യമെന്ന് എം എ ബേബി
സാമൂദായിക സമവാക്യങ്ങളും പ്രാദേശികമായ കരുത്തും ജില്ലാ സെക്രട്ടറിമാരെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും എന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയെ ആകെ ചെറുപ്പമാക്കാനുള്ള നീക്കം വിജയിച്ചാല്‍ മൂന്ന് ടേം കാലാവധി തീരും മുന്‍പ് തന്നെ പല ജില്ലാ സെക്രട്ടറിമാരും തെറിച്ചേക്കും. പാര്‍ട്ടി തെറ്റുതിരുത്തല്‍ രേഖ എത്രത്തോളം ഫലപ്രദമായി നടപ്പാക്കി എന്നതും ജില്ലാ സെക്രട്ടറിമാരുടെ ഭാവി നിശ്ചയിക്കും