ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ കയറാന്‍ ഒരുങ്ങുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിനി സോനു സോമന്‍. അപകടത്തില്‍ കാഴ്ചയില്ലാതായ കാലത്താണ് ലോകം കാണണം എന്ന മോഹമുദിച്ചത്. ആ ചിന്തയിലാണ് എവറസ്റ്റിലടക്കം കയറിയതും.
ബെംഗളൂരുവിലെ ജോലിക്കാലമാണ് സോനുവിന്‍റെ ജീവിതം മാറ്റിമറിച്ചത്. ബൈക്കപകടകത്തില്‍ കാഴ്ചയ്ക്ക് തകരാര്‍ പറ്റി . നാല് വര്‍ഷക്കാലം എഴുപതു ശതമാനത്തിലധികം കാഴ്ചയില്ലാത്ത ജീവിതം. കണ്ണില്ലാതായപ്പോഴാണ് കണ്ണുണ്ടേല്‍ കാണേണ്ട കാഴ്ചകള്‍ മനസില്‍ നിറഞ്ഞത്. ആലപ്പുഴ ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ചികില്‍സയില്‍ കാഴ്ച വീണ്ടെടുത്തു. പിന്നെ ജോലി രാജിവച്ചു യാത്ര തുടങ്ങി. വിവിധ പര്‍വതങ്ങള്‍ കയറിയിറങ്ങി. ഒടുവില്‍ എവറസ്റ്റും കീഴടക്കി
അടുത്ത സ്വപ്നം കിളിമഞ്ചാരോ ആണ്. അടുത്ത മാസമാണ് യാത്ര. അതിനു വേണ്ട തയാറെടുപ്പുകളിലാണ് ഇപ്പോള്‍. ജൂലൈ ഏഴിന് മുംബൈയില്‍ നിന്നാണ് യാത്ര. അയല്‍ക്കാരന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെ പിന്തുണയുണ്ട്. കിളിമഞ്ചാരോ യാത്രയ്ക്ക് ശേഷം വിശാലമായ യാത്രകളാണ് സോനുവിന്‍റെ മനസിലുള്ളത്.