arjun-son-toys

72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്‍റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചയാണ് . അതില്‍ ഒന്നായിരുന്നു തന്‍റെ മകന്‍ കുഞ്ഞ് അയാനു വേണ്ടി കരുതി വച്ച ആ ലോറി. അച്ഛനെ കാണാതായ അന്നുമുതല്‍ ആ കുഞ്ഞികണ്ണുകള്‍ തേടുന്നത് ഒരു മുഖം മാത്രം ആയിരുന്നു, തന്‍റെ കളിപ്പാട്ടവുമായി വരുന്ന അച്ഛന്‍. പക്ഷെ വിധി എല്ലാം തകിടം മറിച്ചിടത്ത് ആ വീട്ടില്‍ ഒന്നുമറിയാതെ അർജുന്‍റെ മകൻ  അയാൻ മാത്രം വീട്ടിൽ കളിച്ചു നടന്നു. മൊബൈൽ ഫോണിൽ കാർട്ടൂൺ കാണാൻ വാശിപിടിച്ചു. കസേരയും ടാർപ്പായയുമായി ലോറിയെത്തിയപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു ‘ലോറി വന്നു...ലോറി വന്നു...’ കണ്ടുനിന്നവരുടെ ഉള്ളു കലങ്ങിയപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞില്ല ഇനി ഒരിക്കലും അവന്‍റെ അച്ഛന്‍ മടങ്ങിവരില്ലെന്ന്. 

Also Read : അര്‍ജുന്റെ ഫോണ്‍ കണ്ടെത്തി; കാബിനില്‍ മകന് വാങ്ങിയ കളിപ്പാട്ടം; നോവുംകാഴ്ച

arjun-body-shirur

അയാന് മുമ്പ് അര്‍ജുന്‍  വാങ്ങി നല്‍കിയ കളിപ്പാട്ടമാണ് ലോറിയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് . ലോഡുമായുള്ള യാത്രയില്‍ അയന്‍റെ സാന്നിധ്യം അര്‍ജുന്‍ ആഗ്രഹിച്ചിരുന്നു. അതിനായി വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ എടുത്തതാണ് ഈ കളിപ്പാട്ടമെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞത്. കളിപ്പാട്ടം ക്യാബിലുള്ളില്‍ തന്നെ വച്ചായിരുന്നു യാത്ര.

arjun-remainings

അതേ സമയം അര്‍ജുന്‍റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാര്‍വാര്‍ ജില്ലാ പൊലീസ് മേധാവി എം.നാരായണ പറഞ്ഞു. ലോറിയുടെ ക്യാബിനില്‍ നിന്ന് ലഭിച്ചത് അര്‍ജുന്‍റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് അനിവാര്യമാണ്. ഡിഎന്‍എ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനായി അര്‍ജുന്‍റെയും, സഹോദരന്‍ അഭിജിത്തിന്‍റെയും ഡിഎന്‍എ സാമ്പിളുകള്‍ മംഗളൂരുവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

arjun-phone

അർജുനെ കണ്ടെത്താൻ കൂടെ നിന്നവർക്ക് എല്ലാം നന്ദിയുണ്ടെന്ന സഹോദരി അഞ്ജു പറഞ്ഞു . പ്രതിസന്ധി നിറഞ്ഞ സമയമാണ് കടന്നുപോയത്. കേരള കർണാടക സർക്കാറുകളും ലോകമെമ്പാടുമുള്ള മലയാളികളും ഒപ്പംനിന്നു . വ്യാജ വാർത്തകളുമായി യൂട്യൂബ് ചാനലുകൾ സാഹചര്യം മുതലെടുത്തെന്നും സഹോദരിയുടെ വിമര്‍ശനം. ‍ഡിഎന്‍എ പരിശോധന ഫലം വരാൻ കാത്തിരിക്കുകയാണെന്നും അഞ്ജു പറഞ്ഞു.

ENGLISH SUMMARY:

Family gets toy truck of Arjun's son along with phones, watch from lorry cabin