അര്ജുന് നമ്മുടെയൊക്കെ ജീവിതത്തില്‍ അത്രത്തോളം സ്വാധീനം ചെലുത്തിയ മണിക്കൂറുകള്‍. മണ്ണിനടിയിലോ പുഴയിലോ അതോ ഒഴുകി കടലില്‍ ചേര്‍ന്നോ എന്നൊന്നുമറിയാതെ ‘അവന് വരും’ എന്ന ആത്മവിശ്വാസത്തില്‍ തള്ളിനീക്കിയ ദിവസങ്ങള്‍. കാത്തിരിപ്പിന്റെ ഉള്ളുനീറ്റുന്ന വേദനയെന്തെന്ന് മലയാളി അനുഭവിച്ചറിഞ്ഞ 72 ദിനങ്ങള്‍ക്കൊടുവില്‍ ഉത്തരമായി ഗംഗാവലിയുടെ അടിത്തട്ടില്‍ നിന്ന് ആ ലോറി പൊങ്ങി, ഒപ്പം മനാഫ് എന്ന കറകളഞ്ഞ പച്ചമനുഷ്യനെ നാട് നെഞ്ചേറ്റുന്നു. മനുഷ്യന് എന്ന പദം എത്ര മനോഹരമാണെന്നതിന് മനാഫിന്റെ മുഖമാണിന്ന് ഉദാഹരണം.