Image Credit; Facebook

ബലാത്സംഗക്കേസിൽ പ്രതിയായ നടന്‍ സിദ്ദിഖിനെ ട്രോളി ആറാട്ടണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയും ചെകുത്താന്‍ എന്ന് വിളിക്കുന്ന അജു അലക്‌സും. ചെകുത്താന്‍ ഫെയ്സ്ബുക്കില്‍ പങ്കിട്ട ആറാട്ടണ്ണനുമൊത്തുള്ള വിഡിയോയിലൂടെയാണ് നടന്‍ സിദ്ദിഖിനെ പരിഹസിക്കുന്നത്.  

വേഷം മാറി നടക്കുകയാണെന്നും, സിദ്ദിഖിനെ കിട്ടിയില്ലെങ്കില്‍ തങ്ങളെ പൊക്കിയിട്ട്  കുറ്റവാളിയെ പിടിച്ചുവെന്ന് പറയുമെന്നുമാണ് ഇരുവരുടെയും പരിഹാസം. 

സിദ്ദിഖിനെ പൊലീസ് തിരയുന്നുണ്ട്. സിദ്ദിഖിനെ കിട്ടിയില്ലെങ്കില്‍, എന്നെ പിടിച്ചോണ്ട് പോകാതിരിക്കാനായി ഞാന്‍ വേഷം മാറി. ഇനി എന്നെ കണ്ടാല്‍ മനസിലാവത്തില്ല. ആറാട്ടണ്ണാ നീ മൊട്ട അടി.. ഇല്ലേല്‍ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടും. അടുത്തത് നമ്മളെ ആരെയെങ്കിലും ഒരാളെ പൊക്കിയിട്ട് പറയും വലിയ കുറ്റവാളിയെ പിടിച്ചുവെന്ന്. – സന്തോഷ് വര്‍ക്കി പരിഹസിക്കുന്നു. 

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അന്ന് അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖിന്റെ പരാതിയിലായിരുന്നു അജുവിനെതിരെ കേസെടുത്തത്. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സിദ്ദിഖിനെതിരെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയതോടെ ചെകുത്താനും ആറാട്ടണ്ണനും ട്രോളുമായെത്തിയത്. 

സിദ്ദിഖിനെ കണ്ടെത്തുന്നവര്‍ പൊലീസിനെ അറിയിക്കണമെന്ന് കാട്ടി മാധ്യമങ്ങളില്‍ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരിക്കുകയാണ് പൊലീസ്‌. യുവനടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സിദ്ദിഖ് ഒളിവിലാണ്. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു.  

സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു നടിയുടെ മൊഴി.

ENGLISH SUMMARY:

Siddique was trolled by Chekuthan Santhosh Varkey