2018 സെപ്തംബര്‍ 25, അന്ന് പുലര്‍ച്ചെയാണ് മലയാളിയെ ഞെട്ടിച്ച ആ അപകടം. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിലെ കാറപകടത്തില്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മകള്‍ തേജസ്വിനി ബാല എന്ന രണ്ടര വയസുകാരി ആദ്യവും ഒരാഴ്ചയോളം ജീവന് വേണ്ടി പൊരുതിയ ശേഷം ബാലഭാസ്കറും മരിച്ചു. ഭാര്യ ലക്ഷമി അതിഗുരുതര പരുക്കുകളോടെ അവശേഷിച്ചു. ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റു. ഇന്ന് ആ ദുരന്ത നാളിന് ആറ് വര്‍ഷവും രണ്ട് മാസവും പ്രായമായി. വര്‍ഷങ്ങള്‍ പിന്നിട്ട ഈ ദിവസവും ബാലുവിന്റെ അച്ഛന്‍ കെ.സി. ഉണ്ണി പറയുന്നു– എന്റെ മകനെ കൊന്നത് തന്നെ– അപകടസമയത്ത് കാറോടിച്ചിരുന്ന ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അര്‍ജുന്‍ പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച കേസില്‍ പിടിക്കപ്പെട്ടതോടെയാണ് അച്ഛനും അമ്മയും ഈ ആരോപണം ആവര്‍ത്തിച്ച് രംഗത്തെത്തിയത്. ഈ ആരോപണത്തിന്റെ കാരണം, ദുരൂഹതയുടെ ആഴം അന്വേഷിക്കുകയാണ് ഇവിടെ.
ആരാണ് അര്‍ജുന്‍
മരണത്തിന് ഒരു വര്‍ഷം മുന്‍പ് മുതല്‍ ബാലഭാസ്കറിന്റെ ഡ്രൈവറായി കൂടെയുണ്ടായിരുന്നത് തൃശൂര്‍ സ്വദേശിയായ അര്‍ജുനായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള വ്യക്തിപരമായ യാത്രയില്‍ പോലും കൂടെക്കൂട്ടിയിരുന്ന വിശ്വസ്തനായിരുന്നു അര്‍ജുന്‍. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജകളും കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള രാത്രിയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. അര്‍ജുന്‍ എന്ന വിശ്വസ്ത ഡ്രൈവറെ വിശ്വസിച്ചാണ് ബാലു ആ അവസാനയാത്രക്കും ഇറങ്ങിയത്.
അര്‍ജുനെതിരായ കവര്‍ച്ചാകേസാണ് ഇപ്പോഴത്തെ വിവാദം. എന്നാല്‍ ബാലഭാസ്കര്‍ കൂടെക്കൂട്ടുമ്പോഴും അര്‍ജുന്‍ രണ്ട് കേസില്‍ പ്രതിയായിരുന്നു. ചെറുതുരുത്തിയിലെ എ.ടി.എം കവര്‍ച്ച കേസ് ഉള്‍പ്പടെ. അതായത് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞുകൊണ്ടാണ് ബാലഭാസ്കര്‍ കൂടെക്കൂട്ടിയത്.
പക്ഷെ അപകടത്തിന് പിന്നാലെ അര്‍ജുന്‍ കളംമാറ്റിച്ചവിട്ടി. അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലെന്നും ബാലുവാണെന്നും മൊഴി നല്‍കി. ഇത് നുണയാണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷമി മൊഴി നല്‍കിയിട്ടും ശാസ്ത്രീയമായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും തിരുത്താന്‍ അര്‍ജുന്‍ തയാറായില്ല. എന്തിന് േവണ്ടിയാണ് അര്‍ജുന്റെ നുണ എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്ന്.
എന്നാല്‍ അന്വേഷണം അവസാനഘട്ടത്തിലെത്തിയതോടെ അര്‍ജുന്‍ അപകടത്തില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഇപ്പോഴും കേസ് പിന്‍വലിച്ചിട്ടില്ല. താന്‍ ഓടിക്കാതെ, ബാലു വാഹനം ഓടിച്ചുണ്ടായ അപകടമെന്ന് വരുത്തി നഷ്ടപരിഹാരം കൈക്കലാക്കുകയാണ് അര്‍ജുന്റെ ലക്ഷ്യമെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്നു.
അര്‍ജുന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോ?
ബാലഭാസ്കറിന്റെ മരണത്തിന് പിന്നാലെയുയര്‍ന്ന ഏറ്റവും പ്രധാന ആരോപണമായിരുന്നു അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ എന്ന ആരോപണം. മരണം നടന്ന് രണ്ട് മാസം തികയും മുന്‍പ് ബാലഭാസ്കറിന്റെ മാനേജറും സുഹൃത്തുക്കളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെയാണ്. രണ്ട് പേരും ജയിലിലാവുകയും ചെയ്തു. ബാലുവിന്റെ മരണശേഷം വീട്ടുകാര്‍ എത്തും മുന്‍പ് അപകടസ്ഥലത്തും ആശുപത്രിയിലുമെല്ലാം എത്തിയത് പ്രകാശന്‍ തമ്പിയായിരുന്നു. അതുകൊണ്ട് അപകടത്തിന് പിന്നിലും സ്വര്‍ണക്കടത്ത് മാഫിയ എന്ന ആരോപണം ഉയര്‍ന്നു.
എന്നാല്‍ അര്‍ജുന് സ്വര്‍ണക്കടത്തില്‍ പങ്കെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നില്ല. കാരണം പ്രകാശന്‍ തമ്പിയും വിഷ്ണുവും പിടിയിലായ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ അര്‍ജുന്‍ അപകടത്തില്‍പെട്ട് നടക്കാന്‍ പോലുമാവാതെ ചികിത്സയിലായിരുന്നു. അതിനാല്‍ അര്‍ജുന് ഒരു പങ്കും അതില്‍ ഇല്ലെന്ന് ഉറപ്പിച്ചു. അപകടത്തിന് മുന്‍പ് പ്രകാശന്‍ തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായി കണ്ടെത്തിയുമില്ല. ചുരുക്കത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് അപ്പുറം മറ്റൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോ?
ബാലഭാസ്കറിന്റെ വിശ്വസ്തര്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെ ബാലഭാസ്കറിന് നേരിട്ടോ, ബാലഭാസ്കറിന്റെ മരണത്തിലോ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷിച്ചു. ബാലുവിന്റെ സംഗീതഗ്രൂപ്പിലെ പലരെയും ചോദ്യം ചെയ്തു. ഒരുതരത്തിലുള്ള തെളിവും ലഭിച്ചില്ല. അതിനാല്‍ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയ എന്നത് തെളിവില്ലാത്ത ആരോപണം മാത്രമായാണ് അന്വേഷണ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.
മരണത്തിന് കാരണമായി അന്വേഷണത്തിലെ കണ്ടെത്തലെന്ത്?
അമിതവേഗം മൂലമുണ്ടായ അപകടമരണമെന്നതാണ് ലോക്കല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സി.ബി.ഐ എന്നീ മൂന്ന് ഏജന്‍സികളുടെയും കണ്ടെത്തല്‍. അമിതവേഗത്തിന് ഒട്ടേറെ തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ചിരുന്നു. തൃശൂരില്‍ നിന്ന് യാത്രയാരംഭിച്ച് ചാലക്കൂടി ട്രാഫിക് സിഗ്നല്‍ മറികടക്കുമ്പോള്‍ വേഗം 98 കിലോമീറ്ററായിരുന്നൂവെന്ന് കാമറയില്‍ പതിഞ്ഞിരുന്നു. കാറിന്റെ ഫൊറന്‍സിക് പരിശോധനയിലൂടെ അപകടസമയത്തെ വേഗം 110 കിലോമീറ്ററിന് മുകളിലെന്നും കണ്ടെത്തി. അതിനാല്‍ അര്‍ജുന്‍ അമിതവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടകാരണമെന്നും അതിന് പിന്നില്‍ മറ്റ് ഗൂഡാലോചനയില്ലന്നും ക്രൈംബ്രാഞ്ചും സി.ബി.ഐയും ഒരുപോലെ കണ്ടെത്തി. അമിതവേഗത്തിന്റെ കാരണക്കാരനെന്ന നിലയില്‍ അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും തീരുമാനിച്ചു.
ഇനിയുള്ള അന്വേഷണ സാധ്യത
സി.ബി.ഐ അന്വേഷണത്തിലെ അന്തിമ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സാങ്കേതികമായി കേസ് അടഞ്ഞിട്ടില്ല. അപകടത്തില്‍ ദുരൂഹതയില്ലെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ടിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബം ഉന്നയിക്കുന്ന സംശയങ്ങളില്‍ അന്വേഷിക്കാത്തത് എന്തെങ്കിലും ഉണ്ടങ്കില്‍ അതുകൂടി അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചു. അതിന്റെ ഭാഗമായുള്ള സി.ബി.ഐ അന്വേഷണം തുടരുന്നുണ്ട്. പക്ഷെ കഴിഞ്ഞ ആറ് വര്‍ഷമായി ഉയര്‍ന്ന് കേള്‍ക്കാത്ത പുതിയ ആരോപണങ്ങളൊന്നും ഇപ്പോഴും ഉയര്‍ന്നിട്ടില്ല. അതിനാല്‍ അര്‍ജുന്റെ പുതിയ കേസിന്റെ പേരില്‍ ബാലഭാസ്കര്‍ കേസില്‍ വന്‍ വഴിത്തിരിവിനുള്ള സാധ്യത വിരളമാണ്.