തന്‍റെ സഹോദരന്‍ ഷെൽജുവിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നെന്ന് നടൻ ബൈജു എഴുപുന്ന. സഹോദരന്‍റെ വിയോഗത്തില്‍ വികാരനിര്‍ഭരനായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുജന്‍ ഷെല്‍ജു ആരോഗ്യം നന്നായി ശ്രദ്ധിക്കുമായിരുന്നെന്നും പുകവലിയും മദ്യപാനവും അടക്കമുളള ദുശ്ശീലങ്ങൾ ഇല്ലായിരുന്നെന്നും ബൈജു എഴുപുന്ന പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 49കാരന്‍ ഷെല്‍ജുവിന്‍റെ അന്ത്യം.
ബൈജു എഴുപുന്നയുടെ വാക്കുകള്‍ ഇങ്ങനെ:
'കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാനവനെ കണ്ടില്ല, പക്ഷേ അവനെ വിളിച്ചിട്ടാണ് അവന്റെ കാറുമായി ഞാന്‍ പോയത്. ഇടുക്കിക്കു പോകുന്ന യാത്രയിൽ തൊടുപുഴ എത്തിയപ്പോഴാണ് അറിഞ്ഞത് ഷെൽജുവിന് ഒട്ടും സുഖമില്ല എന്നും ഒട്ടും വയ്യാതെ കൊണ്ടുപോകുകയാണെന്നും. അവന് അനക്കം ഒന്നും ഉണ്ടായിരുന്നില്ല. അപ്പോള്‍ തന്നെ ലേക്ക്ഷോറിലേക്ക് കൊണ്ടുപോയി. പക്ഷേ നമ്മുടെ റോഡിന്റെ അവസ്ഥ കാരണം ആശുപത്രി എത്താന്‍ കുറച്ച് വൈകി. അവിടെ ചെന്നിട്ട് അവർ ഒരു ഇരുപതു മിനിറ്റോളം ശ്രമിച്ചു. പക്ഷേ ആള് പോയി' ബൈജു പറഞ്ഞു.
'നന്നായി ആരോഗ്യം നോക്കുന്ന ആളാണ്. മദ്യപാനമോ പുകവലിയോ ഒന്നും തന്നെയില്ല. എല്ലാ ദിവസവും വര്‍ക്ക്ഔട്ടും ജിമ്മും ഒക്കെയുളള ആളാണ്. അവന് ഇപ്പോള്‍ 49 വയസായി. ദൈവം വിളിച്ചാല്‍ ആരോഗ്യമെന്നോ സമയമെന്നോ ഒന്നും ഇല്ല. പോയെ പറ്റു അല്ലേ?. ദൈവത്തിനു ഇഷ്ടമുള്ളവരെ വേഗം വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും അവന് ഉണ്ടായിരുന്നില്ല. 2 മാസം മുന്‍പ് ഒരു പനി വന്നായിരുന്നു. അതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസം ആശുപത്രിയിലായിരുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് ആയിരുന്നു. പ്രഷറും ഷുഗറും ഒക്കെ ചെക്ക് ചെയ്യാറുണ്ടായിരുന്നു. വയ്യാതായപ്പോള്‍ ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴും പൾസ് ഉണ്ടായിരുന്നു, പക്ഷേ 20 മിനുട്ടോളം ഡോക്ടര്‍മാര്‍ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാൻ പറ്റിയില്ല. താങ്ങാവുന്നതിലും അപ്പുറമാണിതെന്നും' ഷൈജു എഴുപുന്ന പറഞ്ഞു.