AI Generated Images

കെജിഎഫ് സിനിമ കണ്ട് അതിലെ നായകനെപ്പോലെ പണക്കാരനാകാന്‍ നാടുവിട്ട പതിനാറുകാരെ കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ഫറോക്ക് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മിസ്സിങ് കേസിലെ കുട്ടിയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 28നാണ് കുട്ടിയെ കാണാതായത്. ഹോട്ടലിൽ ജോലിചെയ്ത് പണക്കാരനായി നാട്ടിലേക്ക് തിരികെ വരാനായിരുന്നു കുട്ടിയുടെ ഉദ്ദേശം.

എരഞ്ഞിപ്പാലം ലോഡ്ജില്‍ വെച്ച് നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി ചെന്നൈയിലെത്തിയതായിരുന്നു സിറ്റി ക്രൈം സ്ക്വാഡ്. കുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ  അടിസ്ഥാനത്തിൽ ചെന്നൈ അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ 28ന് രാവിലെ സ്കൂളിലേക്ക് പോകാതെ ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് ട്രെയിൻ കയറിയതായിരുന്നു പതിനാറുകാരന്‍.

ഹോട്ടലില്‍ ജോലി ചെയ്ത് പണക്കാരനാകാനായിരുന്നു പദ്ധതി. രക്ഷിതാക്കളോട് പിണങ്ങിയാണ് കുട്ടി നാടുവിട്ടത്. കുട്ടിയെ കണ്ടെത്തിയെങ്കിലും നാട്ടിലേക്ക് തിരികെ വരാന്‍ കുട്ടി ആദ്യം തയ്യാറായില്ല. പിന്നീട് മോട്ടിവേഷന്‍ ക്ലാസെടുത്ത് അനുനയിപ്പിച്ചാണ് സിറ്റി ക്രൈം സ്ക്വാഡ് കുട്ടിയെ നാട്ടിലെത്തിച്ചത്.