ഭിന്നശേഷിക്കാര്‍ക്ക് മാതൃകയും കേരളത്തിന് അഭിമാനവുമായി അനന്യ ബിജേഷിന്റെ സർവശ്രേഷ്ഠ ദിവ്യാംഗ്ജൻ ദേശീയ പുരസ്കാര നേട്ടം. അമ്മയെന്നുപോലും ഉറപ്പിച്ച് പറയാത്ത അനന്യ വാക്കും വരിയും താളവും തെറ്റാതെ സംഗീതത്തിനൊപ്പം നീങ്ങുന്നത് അത്ഭുതക്കാഴ്ചയാണ്.
ഓരോ ശ്വാസത്തിലും സംഗീതത്തെ ചേര്‍ത്തുപിടിച്ച കൗമാരക്കാരി. ഭിന്നശേഷിക്കാരിയായ അനന്യ ബിജേഷ് ഓരോ വർഷവും നടന്നു കയറുന്നത് പുരസ്കാരങ്ങളുടെ കൊടുമുടിയിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് സർവശ്രേഷ്ഠ ദിവ്യാംഗ്ജൻ ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം എത്ര വിലപ്പെട്ടതെന്ന് അവള്‍ തിരിച്ചറിയുന്നുണ്ടാകില്ല. ഒരു പക്ഷേ ആ നിമിഷത്തിലും അവള്‍ കടന്നുപോയത് മനസിലെ താളത്തിലൂടെയാകാം. അതുവരെ താണ്ടിയ എല്ലാ പ്രതിസന്ധികളെയും മറന്ന് സദസിലുണ്ടായിരുന്നു കൊല്ലം ശൂരനാട് സ്വദേശിയായ അച്ഛന് ബി.ബി.ബിജേഷും അമ്മ അനുപമയും സഹോദരൻ ആരോണും.
നാവ് വാക്കുകള്‍ക്ക് വഴങ്ങും മുന്പെ സംഗീതമാണ് തന്റെ ലോകമെന്ന സൂചന പലപ്പോഴായി നല്‍കിയിരുന്നു അനന്യ. അത് തക്ക സമയത്ത് തിരിച്ചറിഞ്ഞ കുടുംബമാണ് അനന്യയുടെ വലിയ അനുഗ്രഹം.
ഏതുപാട്ടും മുന്നൊരുക്കം കൂടാതെ അനായാസം കീബോർഡിൽ വായിക്കും അനന്യ . വഴുതക്കാട് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ നീഡ് ഓഫ് സ്പെഷ്യൽ കെയർ വിദ്യാർഥിനിയാണ്. 2022- ൽ സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി പുരസ്കാരവും കഴിഞ്ഞവർഷം ഉജ്ജ്വലബാല്യം പുരസ്കാരവും അനന്യ നേടിയിരുന്നു.