മലയാളികളിൽ ആർക്കാണ് അല്ലേ മീൻ ഇഷ്ടമല്ലാത്തത്. അതുകൊണ്ടു തന്നെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല എല്ലാ മലയാളികൾക്കും ചാകര പ്രിയപ്പെട്ടതാകും. എന്തുകൊണ്ടാണ് കേരള തീരങ്ങളിൽ ചാകര ഉണ്ടാകുന്നത്.
മഴക്കാലം കഴിഞ്ഞതോടെ തൃശൂർ ജില്ലയിൽ വാടാനപ്പള്ളി ഗണേശമംഗലം, ചാവക്കാട്, അകലാട്, തളിക്കുളം ഇങ്ങനെ ഒട്ടുമിക്ക തീരങ്ങളിലും ചാകരയെത്തി. കണ്ടുനിന്നവരെല്ലാം ചാള വാരിയെടുക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് കണ്ണും മനസ്സും നിറഞ്ഞ നാളുകളായിരുന്നു അത്.
ശാസ്ത്രജ്ഞർക്കും സാധാരണക്കാർക്കും ചാകര രണ്ടു തരത്തിലാണ്. ചാളയും അയലയുമൊക്കെ കേരള തീരത്ത് വന്നടിയുന്നതിനെയാണ് നാം പൊതുവിൽ സാധാരണക്കാരൻറെ ഭാഷയിൽ ചാകര എന്നു പറയുന്നത്. പക്ഷേ അതിനെയല്ല ചാകരയെന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ഇങ്ങനെ തീരത്തേയ്ക്ക് നീന്തിയടുക്കാൻ മത്സ്യങ്ങളെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അതെല്ലാം കൂടിച്ചേരുന്നതാണ് അവർക്ക് ചാകര.
കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേയ്ക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം തുടങ്ങി പല ഘടകങ്ങൾ ഒത്തുചേർന്ന് കടലിൽ അരങ്ങേറുന്ന പ്രതിഭാസമാണ് ചാകര അല്ലെങ്കിൽ മഡ്ബാങ്ക് എന്നാണ് കൊച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിഭാസത്തിലൂടെ ചില സസ്യപ്ലവകങ്ങൾ അല്ലെങ്കിൽ പായൽ പോലെയുള്ള സൂക്ഷ്മ സസ്യങ്ങളുണ്ടാകുന്നുണ്ട്. ഇത് ഭക്ഷണമാക്കാനാണ് മത്സ്യങ്ങൾ കൂട്ടത്തോടെയെത്തുന്നത്. ഇങ്ങനെ ആകർഷിക്കപ്പെടുന്ന മീനുകൾ ഉൾക്കടലിലേയ്ക്ക് മാറുന്നില്ല. അപ്പോൾ ചിത്രം പൂർണമാവുകയും കടപ്പുറത്തിനുത്സവമായി ചാകരയെത്തുകയും ചെയ്യും.
ചാകര ഉണ്ടാകുന്നിടത്ത് സാധാരണ സമുദ്ര ഉപരിതല താപനില 30 ഡിഗ്രിയിൽ താഴെയായാണ്. മഴയെത്തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ വേളകളിൽ കാറ്റിൻറെ ഗതിയും തീരത്തെ ലക്ഷ്യമാക്കിയിട്ടായിരിക്കും. ഇതൊക്കെയാണ് ചാകരയുടെ ഏകദേശ ലക്ഷണങ്ങൾ. ഈ സാഹചര്യത്തിൽ തങ്ങളുടെ ഭക്ഷണം തേടി മത്സ്യങ്ങളെത്തിയാൽ അത് നാട്ടുഭാഷയിൽ ചാകരയായി.
ഫിഷറീസ് ഓഷ്യനോഗ്രഫി എന്ന ശാസ്ത്രപ്രസിദ്ധീകരണത്തിൽ മൂന്നു വർഷം മുമ്പ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ജൂലൈ മുതൽ സെപ്റ്റംബർ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള കാലഘട്ടങ്ങളിലാണ് കേരളത്തിൽ ചാകരകൊയ്ത്തിന് സാധ്യത എന്നാണ്. ഇത് രണ്ടും കേരളത്തിലെ വർഷകാലമാണ്. അപ്പോൾ പിന്നെ മഴയുമായി ബന്ധപ്പെട്ടായിരിക്കുമല്ലോ ചാകരയുണ്ടാകുന്നത്. അതാണ് മഴക്കാലം കഴിയുമ്പോൾ തീരം ചാകരയ്ക്കായി കാത്തിരിക്കുന്നത്.
ഈ സമയത്ത് പ്രജനനത്തിനും മറ്റുമായി മുതിർന്ന മത്സ്യങ്ങളാണ് അറബിക്കടലിലെത്തുന്നത്. പ്രജനനത്തിനുശേഷം ഇവ കൂട്ടത്തോടെ തീരക്കടലിലെത്തിയാൽ നമുക്ക് ചാകരയായി.
ചെറുചാളകൾ പിന്നീടാണെത്തുന്നത്. മാർച്ച് അവസാനത്തോടെ ചാളക്കൂട്ടം ഉൾക്കടലിലേയ്ക്ക് വലിയും. അതുകൊണ്ടാണ് പലപ്പോഴും നമുക്ക് ഈ സമയത്ത് ചാള ലഭിക്കാത്തത്. ഇപ്പറയുന്ന താഴ്ന്ന താപനിലയും കടൽ സസ്യങ്ങളുമൊക്കെ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറിപ്പോയാൽ കേരള തീരം വരളും. കാലാവസ്ഥാ മാറ്റത്തിലൂടെ അതും സംഭവിച്ചുകൂടായ്കയില്ല. അതുവരാതെ നോക്കണേ എന്നാണ് തീരത്തെ പ്രാർഥന.